park

തൃശൂർ: കളിക്കാനും ഉല്ലസിക്കാനും മാത്രമല്ല, ഓട്ടിസം ബാധിതരായ കുട്ടികളിൽ ഇന്ദ്രിയങ്ങൾ മുഖാന്തരമുള്ള പ്രതികരണശേഷി വളർത്താനും കഴിയും പാർക്കുകൾക്ക്. കാനാട്ടുകരയിലെ അമ്മ (അസോസിയേഷൻ ഫോർ മെന്റലി ഹാൻഡികാപ്ഡ് അഡൽറ്റ്‌സ്)യുടെ ഒളരി ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തിലെ ഓട്ടിസം സെന്ററിൽ, കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഒരുക്കിയ ആധുനിക സെൻസറി പാർക്കിലെത്തിയാൽ കുട്ടികളുടെ മനസുകളിൽ പരിണാമം വരുത്തുന്ന കുറെ കാഴ്ചകൾ കാണാം.

ചവിട്ടുമ്പോൾ ടാങ്കിലെ വർണക്കുട്ടകളിൽ നിന്ന് വെള്ളം ചീറ്റുന്ന സൈക്കിൾ ഫൗണ്ടൻ, വർണ്ണച്ചിത്രങ്ങളിലൂടെ കുഞ്ഞുക്കഥകൾ വരച്ചുകാട്ടുന്ന ചുമരുകൾ, സ്വയം നിർമ്മിത സംഗീതോപകരണം... അങ്ങനെ കുറെ കൗതുക വർണ്ണക്കാഴ്ചകൾ. സൗജന്യമാണ് ഇവിടുത്തെ സേവനം.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനിൽ കുഞ്ഞുങ്ങളുടെ അമിതപ്രതികരണ സ്വഭാവവും പ്രതികരണ ശേഷിക്കുറവുമെല്ലാം തിരിച്ചറിഞ്ഞ് ചികിത്സ നൽകാൻ ലക്ഷ്യമിട്ടാണ് സെൻസറി പാർക്ക് തുടങ്ങിയത്. ഓരോ കുഞ്ഞുങ്ങളുടെയും ഇഷ്ടം തിരിച്ചറിഞ്ഞ് അവരുടെ അധികപ്രവർത്തനങ്ങളെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുന്ന ഡീസെൻസറ്റൈസേഷനും അല്ലാത്തവർക്ക് ആവശ്യമായ അളവിൽ ഊർജ്ജം നൽകുന്ന രീതികളും പരിശീലിക്കാനാകും. സ്വതന്ത്രമായാണ് അവരെ പാർക്കിനുള്ളിലേക്ക് വിടുന്നത്.

സുമനസുകളുടെ കേന്ദ്രം

കുറെ ജീവകാരുണ്യപ്രവർത്തകരും സുമനസുകളും ഒത്തുചേർന്നാണ് ഈ പാർക്കിന് രൂപം കൊടുത്തത്. പ്രതിഫലം വാങ്ങാതെ പി.എസ്. ഗിരീശൻ വരച്ച ചുവർചിത്രങ്ങളും രംഗചേതനയിലെ നാടകപ്രവർത്തകൻ കെ.വി ഗണേഷ് രൂപകല്പന ചെയ്ത സംഗീത മേശയുമെല്ലാം കുഞ്ഞുങ്ങൾക്ക് ഏറെയിഷ്ടമാണ്. സംഗീത സംവിധായകൻ പി.കെ സുനിൽ കുമാർ സംഗീതസംവിധാനം നിർവഹിക്കാനെത്തിയിരുന്നു. നടൻ സുനിൽ സുഖദ സൈക്കിൾ ചവിട്ടാനും. സൈക്കിൾ ചവിട്ടുമ്പോൾ കുട്ടകളിലെ ചെറുപന്തുകളെ വെള്ളത്തിന്റെ സൂചിമുനയിൽ ഉയർത്തുന്ന സൈക്കിൾ ഫൗണ്ടൻ ഒരുക്കിയത് സൈക്കിൾ യാത്രയുടെ പ്രചാരകനായി അറിയപ്പെടുന്ന സൈക്കിൾ ഫ്രാൻസിസാണ് (ഫ്രാൻസിസ് വേലൂർ). മേയർ എം.കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

കേന്ദ്രം സൗകര്യങ്ങൾ ഇവ

ഒക്യുപേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷലിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും.

ഒരു സെഷനിൽ 5 കുട്ടികൾക്ക് ഒരേ സമയം പാർക്ക് ഉപയോഗിക്കാം.

ഓരോ കുട്ടിക്കും ഓരോ സ്‌പെഷലിസ്റ്റ് എന്ന രീതിയിലാണ് പ്രവർത്തനം.

പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ പ്രായം: 2 മുതൽ 14 വയസ് വരെ.

കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ ഉണർവിനും മാനസികോന്മേഷത്തിനുമായാണ് സെൻസറി പാർക്ക് ഒരുക്കിയത്. ഇനി സ്വിമ്മിംഗ് പൂൾ പോലെയുളള സംവിധാനം ഒരുക്കിയുളള അക്വാതെറാപ്പിയാണ് കുഞ്ഞുങ്ങൾക്കായി ഒരുക്കാൻ ആഗ്രഹിക്കുന്നത്.

ഡോ. പി. ഭാനുമതി

സെക്രട്ടറി, അമ്മ