panangad-school

കൊടുങ്ങല്ലൂർ: പനങ്ങാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി ക്ലാസ് മുറിയിലിരുന്ന് ചന്ദ്രനിലെത്താം. ഇറങ്ങി നടക്കാം. ചുറ്റും ചന്ദ്രനിലെ കാഴ്ചകൾ മാത്രം. ചന്ദ്രനിൽ മാത്രമല്ല, ലോകത്തെവിടെയുമുള്ള വസ്തുതകൾ കണ്ടും കേട്ടും യാഥാർത്ഥ്യമാക്കാൻ ഉതകുന്ന വെർച്വൽ റിയാലിറ്റി ലാബ് കൊടുങ്ങല്ലൂരിൽ യാഥാർത്ഥ്യമാകുകയാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണശാല ഒരു സ്കൂളിന് സ്വന്തമാകുന്നത്. റിയാലിറ്റി ലാബിന്റെ ഉദ്‌ഘാടനം ഫെബ്രു. 12 ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ലോകത്തെവിടെയുമുള്ള സംഭവ പരമ്പരകൾ ചിത്രീകരിച്ച് അതിന് തനിമ നൽകുകയാണ് വെർച്വൽ റിയാലിറ്റി ലാബിലൂടെയും ഓഗ്മെന്റഡ് റിയാലിറ്റി ലാബിലൂടെയും സാദ്ധ്യമാകുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് അവ വെർച്വൽ ലോകത്ത് കാണിച്ചു കൊടുക്കുകയാണ് പഠനത്തിന്റെ ഭാഗമായി ഈ ഒക്കുലസ് എന്ന ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടെ ആദ്യഘട്ടത്തിൽ ചെയ്യുന്നത്.

കേട്ടും കണ്ടും സ്പർശിച്ചും ഉപകരണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ഇത് സാദ്ധ്യമാകും. മനുഷ്യ നിർമ്മിതവും അല്ലാതെയുമുള്ള ശില്പങ്ങൾ, സ്മാരകങ്ങൾ, സംഭവങ്ങൾ തുടങ്ങിയ അത്ഭുതങ്ങൾ ഇനി ക്ലാസ് മുറിയിൽ ഇരുന്നുകൊണ്ട് നേരിട്ടു കാണാം. ദശലക്ഷങ്ങൾ വിലവരുന്ന ലാബിന് വേണ്ടിയുള്ള ഉപകരണങ്ങൾ സ്കൂളിനായി ലഭ്യമാക്കിയത് സ്കൂളിലെ ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. പൂർവ വിദ്യാർത്ഥികളായ പി.കെ അശോകൻ, പുത്തൻകാട്ടിൽ സുഭാഷ്, പുത്തൻകാട്ടിൽ സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന പുത്തൻകാട്ടിൽ കുഞ്ഞിക്കോരു ഫൗണ്ടേഷൻ ട്രസ്റ്റാണ് ഈ സജ്ജീകരണം ലഭ്യമാക്കിയത്. ലാബ് സ്കൂളിൽ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ പ്രധാനം ചെയ്തത് ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ് എന്ന സ്ഥാപനമാണ്.

എന്താണ് വി.ആർ - എ.ആർ ?

ദൃശ്യശ്രാവ്യ മേഖലകളിലെ പുത്തൻ സാങ്കേതികവിദ്യകളാണ് വെർച്വൽ റിയാലിറ്റിയും (വി.ആർ), ഓഗ്മെന്റഡ് റിയാലിറ്റിയും (എ.ആർ). എവിടെ ഇരുന്ന് വേണമെങ്കിലും വിവിധ കാഴ്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച സാദ്ധ്യമാകുന്ന തരത്തിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുന്ന മായികലോകമാണ് വി.ആർ. യഥാർത്ഥ വസ്തുക്കളെയും കംപ്യൂട്ടർ സഹായത്താൽ നിർമ്മിക്കുന്ന ചിത്രങ്ങളെയും കൂട്ടിച്ചേർത്ത് യഥാർത്ഥ കാഴ്ചാനുഭവം പകരുന്ന ദൃശ്യവിരുന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി.