കയ്പമംഗലം: ജൈവക്കൃഷിയിൽ സംസ്ഥാന അവാർഡുമായി പെരിഞ്ഞനം പഞ്ചായത്ത്. 2019- 20ലെ സംസ്ഥാന കാർഷിക അവാർഡാണ് ജില്ലയിലെ മികച്ച ജൈവ കാർഷിക പഞ്ചായത്തായി പെരിഞ്ഞനം പഞ്ചായത്തിനെ തിരഞ്ഞെടുത്തത്. ജോസഫ് മുണ്ടശ്ശേരി ഹാളിൽ നടന്ന ജില്ലാതല അവാർഡ് ദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
കാർഷിക മേഖലയിൽ നടത്തിയ ഇടപെടലുകളുടെ ഫലമായി കാർഷിക രംഗത്ത് പ്രത്യേകിച്ച് പച്ചക്കറി ഉത്പാദന രംഗത്ത് ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചതിലൂടെ പഞ്ചായത്തിലെ ആകെ കൃഷിയുടെ 63 ശതമാനവും ജൈവക്കൃഷി നടപ്പിലാക്കുന്നതിന് സാധിച്ചു. പെരിഞ്ഞനത്തെ കാർഷിക കർമ്മസേനയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച ബയോ ഫാർമസി മുഖേന ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം തുടങ്ങിയവയും സ്യൂഡോ മോണസ്, ട്രൈകോഡർമ എന്നിവയും കർഷകർക്ക് വിതരണം നടത്തി.
ജൈവമാലിന്യം പുനസംസ്‌കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചു. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി കൂർക്ക ഗ്രാമം പദ്ധതി, തെങ്ങിന് ജൈവവളം വിതരണം പദ്ധതി, പച്ചക്കറി തൈ വിതരണം പദ്ധതി, ഇടവിള കൃഷി വ്യാപനം എന്നീ പദ്ധതികളും നടപ്പിലാക്കി. ജൈവ ഉത്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമായി ഇക്കോഷോപ്പും പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്നു.