honeybee
അതിരപ്പിള്ളിയിൽ കടന്നൽക്കുത്തേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നു

ചാലക്കുടി: അതിരപ്പിള്ളിയിൽ കടന്നൽക്കുത്തേറ്റ് 25 ഓളം വിനോദ സഞ്ചാരികൾക്ക് പരിക്ക്. സാരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്ര സ്വദേശികളായ കിരൺ(50), വൈഷ്ണവി(45), പാലക്കാട് സ്വദേശി അനുസ്(30), ആലുവ സ്വദേശി കാളീശ്വരി (24) എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.

വടിവേലു എന്നയാളെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ യായിരുന്നു സംഭവം. വെള്ളച്ചാട്ടത്തിന് താഴെ പുഴയോരത്ത് നിന്നിരുന്ന നിരവധി ആളുകളുടെ ഇടയിലേക്കാണ് തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തിയത്. മരത്തിനു മുകളിലെ കൂട്ടിൽ പരുന്ത് ആക്രമിച്ചതാണ് തേനീച്ചകൾ ഇളകാൻ ഇടയാക്കിയത്. കുത്തുകൊണ്ട വിനോദ സഞ്ചാരികൾ ചിതറിയോടി. ചിലർ നിലത്തു വീണു.

നിലവിളി കേട്ട് ഓടിയെത്തിയ വി.എസ്.എസ് പ്രവർത്തകരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വാഴച്ചാൽ റെയ്ഞ്ച് ഓഫീസർ അജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി. സാരമായി പരിക്കറ്റവരെ 108 ആംബുലൻസിൽ പൈലറ്റ് വിനീഷ് വിജയനും ഇ.എം.ടി സിജി ജോസ് ചേർന്നാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.