ചാലക്കുടി: കിഫ്ബിയിൽ നിന്നും അനുവദിച്ച 70 കോടി രൂപ വിനിയോഗിച്ച് ചാലക്കുടി കെ.എസ്.ഇ.ബി സബ് സ്‌റ്റേഷൻ 220 കെ.വി വോൾട്ടേജ് ശേഷിയാക്കിയതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മന്ത്രി എം.എം. മണി നിർവഹിക്കും. രാലിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനാകും.
ഏഴു പതിറ്റാണ്ടു മുമ്പ് 66 കെ.വി. വോൾട്ടേജിൽ ആരംഭിച്ച ചാലക്കുടി സ്‌റ്റേഷൻ 220 എത്തുമ്പോൾ എറണാകുളം ജില്ലയിലെ അടക്കം പല സബ് സ്റ്റേഷനുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കൊടകര, ആളൂർ, കൊരട്ടി, മാള, കൊടുങ്ങല്ലൂർ, അങ്കമാലി, കറുകുറ്റി, കുറുമശേരി സബ് സ്‌റ്റേഷനുകളിൽ ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. നിലവിലെ ലോവർ പെരിയാർ മാടക്കത്തറ 220 പ്രസര ലൈനിൽ നിന്നും ലൈൻ ഔട്ട് സംവിധാനത്തിലാണ് വൈദുതി ചാലക്കുടിയിലേക്ക് എത്തിച്ചത്. ഇതിനായി കൊന്നക്കുഴിയിൽ കൂടപ്പുഴ വരെ 11 കിലോ മീറ്റർ പുതുതായി മൾട്ടി സർക്യൂട്ട് വോൾട്ടേജ് പ്രസരണ ലൈനും നിർമ്മിച്ചു. ചാലക്കുടി നഗരത്തിൽ ഇനി 24 മണിക്കൂറും വൈദ്യുതി മുടങ്ങില്ലെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.