കയ്പമംഗലം: ജനങ്ങളുടെ കണ്ണീരൊപ്പാനും, ദു:ഖമകറ്റാനും ചരിത്രത്തിലെ അപൂർവതകളിൽ അപൂർവത നിറഞ്ഞ ഒരു ജൈത്രയാത്രയായി ഐശ്വര്യയാത്ര മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ കയ്പമംഗലത്ത് ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കർഷക സമരത്തെ അടിച്ചമർത്തുന്നു. വർഗ്ഗീയ അളിക്കത്തിക്കാൻ ശ്രമിക്കുന്ന അമിത് ഷായെയും, നരേന്ദ്രമോദിയേയും ജാഗ്രതയോടെ കാണണം. കയ്പമംഗലം മണ്ഡലത്തിലെ തീരദേശത്തിനായി ഒരു രൂപ പോലും സംസ്ഥാന സർക്കാർ ചെലവാക്കിയിട്ടില്ല. കേന്ദ്രം നൽകിയ പണവും, ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പണവും പോലും നാട്ടിൽ ചെലവാക്കിയില്ല. മത്സ്യ തൊഴിലാളികൾക്ക് വീടു നിർമ്മിക്കുന്ന പദ്ധതി പോലും സംസ്ഥാനം ഉപേക്ഷിച്ചു.
താനും ഉമ്മൻചാണ്ടിയും പാണക്കാട് തങ്ങളെ സന്ദർശിച്ചതിന് മതമൗലിക വാദികളെന്നു ആക്ഷേപിക്കുന്നു. സി.പി.എം വർഗ്ഗീയ കാർഡിറക്കി വർഗ്ഗീയത ആളിക്കത്തിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കയ്പമംഗലം മൂന്നുപീടികയിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കയ്പമംഗലം ചെയർമാൻ പി.ബി താജുദ്ദീൻ അദ്ധ്യക്ഷനായി. എം.പിമാരായ ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ, യു.ഡി.എഫ് ചെയർമാൻ എം.എം ഹസൻ, ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, നേതാക്കളായ പി.എസ് മുജീബ് റഹ്മാൻ, പി.കെ ഷംസുദ്ദീൻ, സജയ് വയനപ്പിള്ളി, സി.എസ് രവീന്ദ്രൻ, സി.സി ബാബുരാജ്, കെ.എഫ് ഡൊമിനിക്ക്, ശോഭ സുബിൻ, ബഷീർ തൈവളപ്പിൽ, എം.പി ജോബി , പി.എം.എ ജബ്ബാർ, സി.എ മുഹമ്മദ് റഷീദ്, പി.കെ റാസിക്ക് എന്നിവർ സംസാരിച്ചു.