padmaja

തൃശൂർ: തൃശൂരിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ പദ്മജ വേണുഗോപാലിനു തന്നെ സാദ്ധ്യതയേറുന്നു. ഏറ്റവും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളിൽ പ്രഥമസ്ഥാനം പദ്മജക്ക് ആണെന്ന് ഡി.സി.സി പ്രസിഡന്റ്‌ എം.പി. വിൻസെന്റ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പദ്മജ തൃശൂരിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും അവർ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. ഇതിനിടെ പദ്മജയെ കൊടുങ്ങലൂരിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ പദ്മജ മത്സരിച്ചാൽ ലീഡറുടെ മകൾ എന്ന നിലയിൽ ഏറെ ഗുണം ചെയ്യുമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ, ഈ വാദത്തിന് പിന്നിൽ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടെന്നാണ് മറു വിഭാഗം ചൂണ്ടി കാണിക്കുന്നത്. കോൺഗ്രസ്‌ കുത്തകയായി വെച്ചിരുന്ന തൃശൂർ കഴിഞ്ഞ തവണ വി.എസ്. സുനിൽകുമാറിലൂടെ ആണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ തുടർച്ചയായി മൂന്നു തവണ മത്സരിച്ചതിനാൽ അദ്ദേഹത്തെ മറ്റുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ സുനിൽകുമാർ ആയതിനാൽ മാത്രമാണ് സീറ്റ്‌ നഷ്ടപ്പെട്ടതെന്നും പറയുന്നു. കൂടാതെ സംസ്ഥാനത്തു ഉണ്ടായ ശക്തമായ എൽ.ഡി.എഫ് തരംഗവും തോൽവിക്ക് കാരണമായി എന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. 7000 ത്തോളം വോട്ടുകൾക്കാണ് സുനിൽ കുമാർ ജയിച്ചത്. ഇത്തവണ സുനിൽ കുമാറിന് പകരം കെ. പി. രാജേന്ദ്രൻ, സി. എൻ. ജയദേവൻ എന്നിവരുടെ പേരുകൾ ആണ് ഉയരുന്നത്. ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് കൗൺസിലർ സാറമ്മ റോബ്സന്റെ പേരും ഉയരുന്നുണ്ട്. കോൺഗ്രസിൽ രാജൻ പല്ലൻ, ടി.വി. ചന്ദ്രമോഹൻ എന്നിവരാണ് പദ്മജക്ക് പിന്നിൽ പരിഗണന പട്ടികയിൽ ഉള്ളവർ.