കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുതൽ ബോൾഗാട്ടി വരെ മുസ്‌രിസിന്റെ പൈതൃക ജലപാതയിലൂടെ കയാക്കർമാരും, സ്റ്റാന്റപ് പാഡ്‌ലർമാരും, സെയിലർമാരും സംയുക്തമായി തുഴയെറിയുന്ന മുസ്‌രിസ് പാഡിൽ ഇന്നും നാളെയും നടക്കും. രാവിലെ 7.30ന് കോട്ടപ്പുറം മാർക്കറ്റിനോട് ചേർന്ന ആംഫി തീയറ്ററിനടുത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ജലയാനങ്ങൾ യാത്ര ആരംഭിക്കും.
അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ അദ്ധ്യക്ഷ എം.യു ഷിനിജ അദ്ധ്യക്ഷയാകും. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, കൗൺസിലർ എൽസി പോൾ, മുസ്‌രിസ് മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ജനറൽ മാനേജർ എ.കെ ശ്രീജിത്ത്, മുസ്‌രിസ് മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ തുടങ്ങിയവർ സംസാരിക്കും.
ഇന്ന് പള്ളിപ്പുറം കോട്ടയിലും ചെറായി സഹോദരൻ അയ്യപ്പൻ മ്യൂസിയത്തിലും സന്ദർശനം നടത്തുന്ന സംഘം നാളെ രാവിലെ നെടുങ്ങാട് വീരൻപുഴ, വൈപ്പിൻ മഞ്ഞനക്കാട് എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് വേമ്പനാട്ട് കായലിലേക്ക് പ്രവേശിച്ച് മുളവുകാട്, ഗോശ്രീ പാലം വഴി ബോൾഗാട്ടിയിലെ കെ.ടി.ഡി.സി മറീനയിൽ എത്തിച്ചേരും.
തുടർന്ന് സമാപന സമ്മേളനം നടക്കും. മുസ്‌രിസ് പാഡിലിന്റെ ഭാഗമായി കായലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും. പ്രാദേശിക തലത്തിലുള്ള സംഘടനകളും പരിസ്ഥിതി ഗ്രൂപ്പുകളും സന്നദ്ധ പ്രവർത്തകരും ഇതിൽ പങ്കാളികളാകും.