
തൃശൂർ : ഉത്സവ പറമ്പുകളിലെ മെഗാ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കർശന ഉപാധികളോടെ അനുമതി. എഴുന്നള്ളിക്കുന്നതിന് അനുമതി നൽകണമെന്നഭ്യർത്ഥിച്ച് തെച്ചിക്കോട്ടുക്കാവ് ദേവസ്വം നൽകിയ അപേക്ഷയിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
തൃശൂർ, പാലക്കാട് ജില്ലകളിൽ ഉപാധികളോടെ എഴുന്നള്ളിക്കാനാണ് അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭുവാണ് അനുമതി നൽകിയത്.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാ റാണി, കൊക്കാലെ യൂണിവേഴ്‌സിറ്റി വെറ്ററിനറി ആശുപത്രി ഹെഡ് ഡോ. ശ്യാം കെ. വേണുഗോപാൽ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാം എന്നിവരടങ്ങുന്ന സമിതിയാണ് ആനയെ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനം വകുപ്പ് നൽകിയ നിബന്ധനകൾ പാലിക്കാമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ് ഭാരവഹികൾ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇടവേളകൾ നൽകി മാത്രമെ എഴുന്നള്ളിക്കാവൂയെന്ന നിർദ്ദേശവുമുണ്ട്.
പ്രധാന നിബന്ധനകൾ
ആനയിൽ നിന്നും അഞ്ച് മീറ്റർ അകലത്തിൽ മാത്രമേ ആളുകളെ നിറുത്താവൂ
പൊതുപരിപാടികളിൽ ആനയ്ക്കൊപ്പം നാലു പാപ്പാന്മാർ വേണം
എഴുന്നള്ളിപ്പ് പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രം
ആഴ്ചയിൽ രണ്ട് പരിപാടികൾ മാത്രം
പങ്കെടുക്കുന്ന പരിപാടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം
ആന മൂലമുണ്ടാകുന്ന എല്ലാ നാശങ്ങൾക്കും ഉത്തരവാദിത്വം ദേവസ്വത്തിന്
എഴുന്നള്ളിക്കുന്ന സമയത്ത് പടക്കം പൊട്ടിക്കരുത്
തൃശൂർ പൂരം ഒഴികെയുള്ള പരിപാടികൾക്ക് മാത്രമാണ് അനുമതി
യുവമോർച്ച മാർച്ചിൽ സംഘർഷം:
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തൃശൂർ: യുവമോർച്ച പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി നന്ദകുമാർ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പി.എസ്.സിയെ നോക്കുകുത്തിയാക്കി എൽ.ഡി.എഫ് സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെയും നിയമന നിരോധനത്തിനെതിരെയുമാണ് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യന്തോൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ണായി അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ സെക്രട്ടറി അനുമോദ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കൽ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റുമാരായ അമൽ ചാലക്കുടി, ശ്രീബിൻ ഒല്ലൂർ, ശ്രീജിത്ത് വാകയിൽ, ഹരിഹരൻ മായന്നൂർ, നിഖിൽ പുതുക്കാട് എന്നിവർ നേതൃത്വം നൽകി.