ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന ചൈതന്യവർദ്ധനവിനായുള്ള തന്ത്ര - മന്ത്ര പ്രാധാന്യമേറിയ സഹസ്ര കലശച്ചടങ്ങുകൾ 16ന് ആരംഭിക്കും. 23ന് ബ്രഹ്മകലശ അഭിഷേകത്തോടെയാണ് കലശച്ചടങ്ങുകൾ സമാപിക്കുക. 24ന് രാത്രി പത്ത് ദിവസം നീളുന്ന ക്ഷേത്രോത്സവം കൊടിയേറും.
കൊടിയേറ്റ് ദിവസം ഉച്ചതിരിഞ്ഞ് മൂന്നിനാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം. നാലമ്പലത്തിനകത്ത് ആചാര്യവരണത്തോടെയാണ് സഹസ്ര കലശച്ചടങ്ങുകൾ തുടങ്ങുക.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വസ്ത്രം , വെറ്റില , അടയ്ക്ക , പവിത്രമോതിരം , ദക്ഷിണ എന്നിവ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന് നൽകി ആചാര്യവരണം നിർവഹിക്കും. നിവേദ്യത്തറയിലാണ് ചടങ്ങ്.