പാവറട്ടി: 73-ാം വയസിലും പാട്ടിലും അഭിനയത്തിലും പുതുവഴികൾ കണ്ടെത്തുകയാണ് സംസ്ഥാന അവാർഡ് ജേതാവായ അറുമുഖൻ വെങ്കിടങ്ങ്. കണ്ടൽച്ചെടികളുടെ പാരിസ്ഥിതിക പ്രാധാന്യവും ആവശ്യകതയും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും വിവരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ പാടി അഭിനയിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോൾ അറുമുഖൻ.

പാവറട്ടി ക്രെസ്റ്റ് കിംഗ് കോൺവെന്റ് എൽ.പി സ്‌കൂളിന്റെയും ജനകീയ ചലച്ചിത്ര വേദിയുടെയും സഹകരണത്തോടെ ഒരുങ്ങുന്ന 'മേരിമോളുടെ കണ്ടൽ ജീവിതം' ഹ്രസ്വചിത്രത്തിലാണ് അറുമുഖന്റെ വേഷപ്പകർച്ച. കണ്ടലിന്റെ സൗന്ദര്യം അടയാളപ്പെടുത്തുന്നതോടൊപ്പം സംരക്ഷണം നമ്മുടെ കടമയാണെന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് ഹ്രസ്വചിത്രം.

കണ്ടൽച്ചെടികളെ കുറിച്ചുള്ള നാടൻ പാട്ടിന് സംഗീതം നൽകിയ അറുമുഖൻ വെങ്കിടങ്ങ് തന്നെയാണ് പാട്ടുപാടുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. പേരക്കുട്ടികളായ അനിഷ്മയും അമൃതകൃഷ്ണയും ഒപ്പം പാടിയിട്ടുണ്ട്.

കണ്ടലിനെക്കുറിച്ച് ആദ്യമായി ഒരു നാടൻപാട്ട് ഇറങ്ങുന്നുവെന്നതോടൊപ്പം അറുമുഖൻ ആദ്യമായി പാടി അഭിനയിക്കുന്നുവെന്നതും പ്രത്യേകതയാണ്. പാവറട്ടി സി.കെ.സി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥിനി ഏയ്ഞ്ചലയും സഹോദരൻ ഏയ്ഞ്ചലോയുമാണ് മറ്റു കഥാപാത്രങ്ങൾ.

റാഫി നീലങ്കാവിൽ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രത്തിന്റെ അണിയറയിൽ ഡോ. എ.കെ. നാസർ,​ റിജോ ചിറ്റാട്ടുകര, അനിൽ ടി. എസ്,​ റെച്ചു രൻജിത്ത്, വിബിൻ, രാജീവ് ചൂണ്ടൽ,​ ദീപക് വർഗ്ഗീസ് എന്നിവരുമുണ്ട്.

കണ്ടൽചെടിയുടെ പാരിസ്ഥിതിക പ്രാധാന്യവും പ്രയോജനവും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധമാണ് ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ കണ്ടൽ ചെടികളുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ് പ്രധാന ലക്ഷ്യം.

- അറുമുഖൻ വെങ്കിടങ്ങ്