
തൃശൂർ: കൊവിഡ് കാലം കവർന്നെടുത്ത കായിക സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ച് ജില്ലാ അത്ലറ്റിക് മീറ്റിന് ഗുരുവായൂരിൽ തുടക്കമായി. ഒരു വർഷത്തിന് ശേമാണ് ജില്ലയിൽ പ്രധാന കായിക മത്സരം നടക്കുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് അറുനൂറിലേറെ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നത്.
ഇന്ന് 45 ഇനങ്ങളിലാണ് മത്സരം നടക്കുക. ആവശ്യമായ പരിശീലനം പോലും ഇല്ലാതെയാണ് കായിക താരങ്ങൾ ഇന്ന് മൈതാനത്ത് ഇറങ്ങുന്നതെങ്കിലും ഏറെ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി മത്സരങ്ങളാണ് താരങ്ങൾക്ക് നഷ്ടപ്പെട്ടത്. സംസ്ഥാന ദേശീയ താരങ്ങളായ സാന്ദ്ര, മേഘ, പി.ഡി അഞ്ജലി, മറിയം തുടങ്ങി പ്രമുഖതാരങ്ങളെല്ലാം ഇന്നും നാളെയുമായി ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ജില്ലയിലെ കളിസ്ഥലങ്ങളെല്ലാം കാൽപ്പെരുമാറ്റമില്ലാതെ പുല്ല് പടർന്ന് കിടക്കുകയായിരുന്നു. കോർപറേഷൻ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടന്നിട്ട് ഒരു വർഷമായി.
മീറ്റിന് തുടക്കം
ഗുരുവായൂർ : കൊവിഡിന്റെ മാനദണ്ഡം പാലിച്ച് ജില്ലാ അത്ലറ്റിക് മീറ്റിന് തുടക്കം. ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് 64 ാമത് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. അരികന്നിയൂർ ശ്രീകൃഷ്ണ കോളേജിലാണ് മത്സരങ്ങൾ. ക്ലബ്ബുകളെ പ്രതിനിധീകരിച്ചായിരുന്നു മത്സരാർത്ഥികളിൽ കൂടുതലും. സ്കൂൾ കോളേജുകളിൽ നിന്നുള്ള പ്രാതിനിധ്യം കുറവായിരുന്നു. ആദ്യദിനത്തിൽ 30 ഇനങ്ങൾ പൂർത്തിയായപ്പോൾ 175 പോയിന്റുമായി തൃശൂർ നാപ്റ്റ് ഓവറാളിൽ മുന്നിലാണ്. ആതിഥേയരായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് 66 പോയിന്റോടെ രണ്ടാം സ്ഥാനത്തും 60 പോയിന്റ് ലഭിച്ച തൃശൂർ എക്സെൽ അത്ലറ്റിക് ക്ലബ് മൂന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ.യു രാജൻ അദ്ധ്യക്ഷനായി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ മുഖ്യാതിഥിയായി. മത്സരങ്ങൾ ഇന്ന് വൈകിട്ട് സമാപിക്കും.
ആദ്യ ദിനത്തില്‍ മൂന്ന് റെക്കാഡുകള്‍
ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനത്തിൽ മൂന്ന് റെക്കാഡുകൾ. 100 മീറ്റർ ഓട്ടത്തിൽ തൃശൂർ ദേവമാത സ്കൂളിലെ വിശാൽദേവ് റെക്കാഡ് കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ സ്വന്തം റെക്കാഡാണ് വിശാൽ ദേവ് മറികടന്നത്.11.04 സെക്കന്റ് സമയമെടുത്താണ് റെക്കാഡിലെത്തിയത്. വിശാലിന്റെ നിലവിലുള്ള റെക്കാഡ് 11.10 സെക്കന്റായിരുന്നു. ലോംഗ് ജമ്പിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സാൽവിൻ സാജൻ റെക്കാഡിട്ടു (7.25 മീറ്റർ). ഇക്കുറി പുതുതായി ചേർത്ത 300 മീറ്റർ ഓട്ടത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ കാർത്തിക് 38 സെക്കന്റു കൊണ്ട് ഓടിയെത്തി ആദ്യ റെക്കാഡിനുടമയായി.