ചാലക്കുടി: എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു, മണിയാശാന്റെ കരങ്ങളാൽ പത്തുവർഷം ഇരുട്ടിൽ കിടന്ന വനജയുടെ ജീവിതത്തിൽ വെളിച്ചം. വൈദ്യുതിയില്ലാതെ കഴിഞ്ഞിരുന്ന എളയേടത്ത് വീട്ടിൽ 75 വയസുള്ള വനജയ്ക്കും മകൾക്കുമാണ് വെളിച്ചം ലഭിക്കാൻ അവസരം ഒരുങ്ങിയത്. വൈദ്യുതി മന്ത്രി എം.എം. മണി നേരിട്ടെത്തിയാണ് വനജയും മകളും താമസിക്കുന്ന ഫ്‌ളാറ്റിലെ മുറിയിൽ വൈദ്യുതി നൽകിയത്.

റിയൽ എസ്റ്റേറ്റ് ലോബികളുടെ നീരാളിപ്പിടുത്തിൽ കുടുങ്ങിയതാണ് വനജയുടെ ജീവിതം. ഇവരും മകൾ വിജിയും പൊലീസ് സ്റ്റേഷൻ റോഡിലെ വൈദ്യുതി കണക്‌ഷനില്ലാത്ത വീട്ടിലാണ് താമസിച്ചു വരുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് ചാലക്കുടിയിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് കിട്ടിയ 65 ലക്ഷം രൂപ ഫ്‌ളാറ്റ് വാങ്ങാനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് നൽകിയതോടെയാണ് കുടുംബത്തിന്റെ കഷ്ടകാലത്തിന് തുടക്കം.

വനജയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. രണ്ട് പെൺമക്കളും വിവാഹിതരായെങ്കിലും ഒരാളുടെ ഭർത്താവ് മരിച്ചു. പരിചയക്കാരനായ സ്ഥാപന ഉടമ, ഇവർക്ക് ഫ്‌ളാറ്റും പണവും നൽകിയില്ല. ഇതിനിടെ ഫ്‌ളാറ്റ് നിർമ്മാണവും നിലച്ചു. പല അവധികൾ പറഞ്ഞെങ്കിലും ഫ്‌ളാറ്റും പണവും തിരികെ ലഭിച്ചില്ല. സാമ്പത്തിക സ്ഥിതി മോശമായപ്പോൾ വാടകവീടും ഒഴിയേണ്ടി വന്നു. കയറികിടക്കാൻ ഇടമില്ലാതായതോടെ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ അടച്ചുപൂട്ടിയ ധനകാര്യ സ്ഥാപനത്തിൽ താമസിക്കാൻ അനുമതി ലഭിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി വൈദ്യുതിയില്ലാത്ത ഇവിടെയാണ് താമസം. വാർദ്ധ്യകകാല പെൻഷൻ മാത്രമാണ് ഏക വരുമാനം. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി ചില സുമനസുകളുടെ നേതൃത്വത്തിൽ സർക്കാർ സംഘടിപ്പിച്ച അദാലത്തിൽ പ്രശ്നം അവതരിപ്പിക്കുകയായിരുന്നു. ബി.ഡി. ദേവസി എം.എൽ.എയും അദ്ദേഹത്തിന്റെ ഓഫീസും സഹായഹസ്തം നീട്ടി. തുടർന്ന് മന്ത്രി എ.സി. മൊയ്തീൻ ഉചിതമായ തീരുമാനവും കൈക്കൊണ്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നൽകാൻ അദ്ദേഹം ഉത്തരവിട്ടു.

വൈദ്യുതി കണക്‌ഷൻ നൽകിയതിന്റെ സ്വിച്ച് ഓൺ കർമ്മമാണ് മന്ത്രി എം.എം. മണി നിർവഹിച്ചത്. ബി.ഡി. ദേവസി എം.എൽ.എയുടെ ഇടപെടലും നിരാലംബരായ കുടുംബത്തിന് വെളിച്ചം എത്തിക്കാൻ സഹായമായി. എം.എൽ.എയ്ക്കു പുറമെ നഗരസഭാ കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, സി.എസ്. സുരേഷ്, ടി.പി. ജോണി, ഡോ. കെ. സോമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.