park

തൃശൂർ : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാണ് അന്താരാഷ്ട്ര നിലവാരത്തിൽ സുവോളജിക്കൽ പാർക്ക് നിർമ്മിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുന:സൃഷ്ടിച്ച് ലോക പ്രശസ്ത മൃഗശാല ഡിസൈനർ ജോൻ കോ രൂപകൽപന ചെയത മൃഗശാല അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഇത്തരത്തിൽ രാജ്യത്തെ ആദ്യത്തേതുമാണ്. മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്.

388 ഏക്കർ വിസ്തൃതി
വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യസ്ഥയയിൽ തുറസ്സായി പ്രദർശിപ്പിക്കുവാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് മൃഗശാലയുടെ പ്രധാന പ്രത്യേകത. പുത്തൂരിലെ 388 ഏക്കർ സ്ഥലത്ത് 360 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്.

23 വാസസ്ഥലങ്ങൾ
23 വാസസ്ഥലങ്ങളാണ് നിർമ്മിക്കുക. ഇവയിൽ 3 എണ്ണം വിവിധയിനം പക്ഷികൾക്കുള്ളവയാണ്. വിശാലമായ പാർക്കിംഗ് സ്ഥലം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവ്വീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ടോയിലറ്റ് ബ്ലോക്കുകൾ, ട്രാം സ്റ്റേഷനുകൾ, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദർശക ഗാലറികൾ, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്‌സുകൾ, വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന അധുനിക ഭക്ഷണശാലകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
മൃഗങ്ങൾക്കുള്ള നാലു വാസസ്ഥലങ്ങൾ,പാർക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം, ചുറ്റുമതിൽ, മണലിപ്പുഴയിൽ നിന്നുള്ള ജലവിതരണം എന്നീ നിർമ്മാണ പ്രവൃത്തികളാണ് പൂർത്തിയായത്.

ഉദ്ഘാടനം മുഖ്യമന്ത്രി
ആദ്യഘട്ട ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടക്കുന്ന ചടങ്ങിൽ വനംമന്ത്രി അഡ്വ.കെ.രാജു അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്.സുനിൽ കുമാർ, ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, മുഖ്യ വനം മേധാവി പി.കെ.കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, ജില്ലാ കളക്ടർ എസ്.ഷാനവാസ്, പി.സി.സി.എഫ്.ഡി.കെ. വർമ്മ തുടങ്ങിയവർ പങ്കെടുക്കും.