വാടാനപ്പള്ളി: നോട്ടീസ് പുറത്തിറക്കാതെ വികലാംഗ ഗ്രാമസഭ യോഗം വിളിച്ച് കൂട്ടിയതിൽ പ്രതിഷേധിച്ച് വികലാംഗ ക്ഷേമ സംഘടന ഗ്രാമസഭ ബഹിഷ്‌കരിച്ചു. തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കൂടിയ വാടാനപ്പള്ളി പഞ്ചായത്ത് ഗ്രാമസഭ യോഗമാണ് വേണ്ടത്ര ആളുകൾ ഇല്ലാതെ പേരിന് മാത്രമായി നടത്തിയത്. ഗ്രാമസഭയിൽ പങ്കെടുക്കാൻ എത്തിയത് മുപ്പതിൽ താഴെ ആളുകൾ മാത്രമാണ്. ആദ്യ കാലങ്ങളിൽ നോട്ടീസ് പുറത്തിറക്കി വാർഡുകൾ തോറും പരിഗണനയുള്ളവരെ ക്ഷണിച്ചാണ് യോഗം കൂടുക.
ഇത്തവണ മറ്റ് ഗ്രാമസഭകൾ നോട്ടീസ് ഇറക്കിയാണ് യോഗത്തിന് ക്ഷണിച്ചത്. എന്നാൽ പ്രത്യേക പരിഗണനയുള്ളവരുടെ യോഗം വിളിക്കാൻ നോട്ടീസ് ഇറക്കാതെ അംഗൻവാടികൾ വഴി ക്ഷണിക്കുകയായിരുന്നു. ഇത് മൂലം നിരവധി പേർക്ക് ക്ഷണം ലഭിച്ചില്ല. കഴിഞ്ഞ യോഗങ്ങളിൽ 200ലധികം പേരാണ് പങ്കെടുത്തിരുന്നത്. ഭൂരിഭാഗം ആളുകളും വിവരം അറിയാത്തതിനാൽ യോഗത്തിന് എത്തിയിരുന്നില്ല.
വിവരമറിഞ്ഞ് വികലാംഗ ക്ഷേമ സംഘടന ഭാരവാഹികൾ എത്തിയപ്പോഴാണ് ആളുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. അറിയിപ്പ് കിട്ടാത്തതിനാൽ ക്ഷേമ സംഘടന പഞ്ചായത്ത് സെക്രട്ടറി എ.എം.നിഷാദ്, ട്രഷറർ ഷാജു മണ്ണാംപുറത്ത്, ഉണ്ണിക്കൃഷ്ണൻ തയ്യിൽ എന്നിവർ യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു. നോട്ടീസ് പുറത്തിറക്കാതെയും അർഹരെ ക്ഷണിക്കാതെയുമാണ് പഞ്ചായത്ത് അധികൃതർ യോഗം വിളിച്ചു ചേർത്തതെന്ന് ഇവർ ആരോപിച്ചു. ഇത് പദ്ധതികൾ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ജന പങ്കാളിത്തത്തോടെ യോഗം വീണ്ടും വിളിച്ച് ചേർക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.