flagoff
കോട്ടപ്പുറം കായലിൽ നിന്നും ആരംഭിച്ച കയാക്കിംഗ് വി.ആർ സുനിൽ കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊടുങ്ങല്ലൂർ: മുസ്‌രിസ് ജലപാതയിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ കയാക്കിംഗ് താരങ്ങൾ ആവേശത്തോടെ തുഴെയെറിഞ്ഞു. പുഴയെ അറിയാനും ഉല്ലസിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിംഗ് മുസ്‌രിസ് പാഡിലിന്റെ നാലാം എഡിഷനാണ് കോട്ടപ്പുറം കായലോരത്ത് തുടക്കം കുറിച്ചത്.


അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ യാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ സഹായകരമാകുന്ന വാട്ടർ സ്‌പോർട്‌സിന്റെ സാദ്ധ്യതകൾ തേടി സംസ്ഥാന ടൂറിസം വകുപ്പും മുസ്‌രിസ് ഹെറിറ്റേജ് പദ്ധതിയും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബും സംയുക്തമായാണ് പാഡിൽ 2021 സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടപ്പുറം ആംഫി തീയറ്ററിൽ നിന്ന് ആരംഭിച്ച് ചെറായി വീരൻപുഴ കായൽ വഴി ബോൾഗാട്ടി പാലസ് മറീനയിൽ എത്തിച്ചേരുന്ന യാത്ര രണ്ട് ദിവസം കൊണ്ട് 40 കിലോമീറ്റർ സഞ്ചരിച്ച് ശനിയാഴ്ച വൈകിട്ട് സമാപിക്കും.

കോട്ടപ്പുറം, പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾ താണ്ടിയാണ് കയാക്കിംഗ്. 13ന് രാവിലെ എട്ടിന് കെടാമംഗലം ശ്രവണം ഗ്രീൻസിൽ നിന്നും ആരംഭിച്ച് നെടുമങ്ങാട് വൈപ്പിൻ വഴിയാണ് ബോൾഗാട്ടി പാലസിലെത്തുക. കയാക്കിംഗിന് പുറമെ സപ്പിംഗ്, സെയിലിംഗ്, കനോയിംഗ് തുടങ്ങിയ വാട്ടർ സ്‌പോർട്‌സ് മത്സരങ്ങളും സംഘടിപ്പിക്കും.

ഒമ്പത് ടീമുകളായി നടക്കുന്ന കയാക്കിംഗിൽ 20 വനിതാ കയാക്കർമാരും ഉൾപ്പെടുന്നു. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, വാർഡ് കൗൺസിലർ എൽസി പോൾ, ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് ജനറൽ മാനേജർ ശ്രീജിത്ത് എം.കെ, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.