
തൃശൂർ : കൃഷി ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസം കർഷകർക്ക് ഉപയോഗപ്പെടുത്താനായി സംസ്ഥാനത്ത് അഞ്ച് സസ്യാരോഗ്യ കേന്ദ്രങ്ങൾ തുറന്നു. അഞ്ച് ലക്ഷം രൂപ അനുവദിച്ച് തിരുവനന്തപുരം വെള്ളനാട് കൃഷിഭവൻ, തൃശൂർ അന്നമനട, പോർക്കുളം കൃഷി ഭവനുകൾ, ഇടുക്കി ജില്ലയിലെ സേനാപതി, വയനാട് ജില്ലയിലെ തൊണ്ടർനാട് കൃഷിഭവൻ എന്നിടങ്ങളിലാണിത് ആരംഭിച്ചത്.
കാർഷിക വളർച്ചയെ ത്വരിതപ്പെടുത്താൻ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും സസ്യാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് വൈഗ കാർഷികമേളയിൽ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പ്ലാൻ്റ് ഡോക്ടർമാരായ കൃഷി ഓഫീസർമാരുടെ സേവനം കർഷകർക്ക് ഏറ്റവും പ്രയോജനകരമായി ലഭ്യമാക്കാനുള്ള താഴെ തട്ടിലുള്ള സ്ഥാപനമായി ഈ സസ്യാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. കാർഷിക വിളകൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായി കീട രോഗ നിരീക്ഷണം നടത്തി കർഷകർക്ക് കീടരോഗബാധയെ കുറിച്ച് മുൻകൂട്ടി അറിവു നൽകുന്നതിനും നിയന്ത്രണമാർഗ്ഗം സ്വീകരിക്കുന്നതിനുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകുകയാണ് കേന്ദ്രങ്ങളുടെ ലക്ഷ്യം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വളപ്രയോഗ രീതി ശുപാർശ ചെയ്യുന്നതിനും സൗകര്യമുണ്ടാകും. പഞ്ചായത്തുകളിലെ കൃഷിപാഠശാലകൾ, വാർഡുതല കർഷക കൂട്ടായ്മകൾ കൂടി ചേരുമ്പോൾ കാർഷിക വിജ്ഞാന വ്യാപനത്തിൻ്റെ ശൃംഖലയാണ് രൂപപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ മുഖ്യാതിഥിയായി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി പദ്ധതി വിശദീകരണം നടത്തി. അഡീഷണൽ ഡയറക്ടർ കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ അനു, ജില്ലാ കൃഷി ഓഫീസർ കെ.എസ് മിനി  തുടങ്ങിയവർ പങ്കെടുത്തു.
കേരളവർമ്മ കോളേജ് തൃശൂരിന്റെ
പൈതൃക സമ്പത്ത്: കെ.ടി ജലീൽ
തൃശൂർ : കേരള വർമ്മ കോളേജ് തൃശൂരിന്റെ പൈതൃക സമ്പത്തെന്ന് മന്ത്രി കെ.ടി ജലീൽ. തൃശൂരിന്റെ ചരിത്രത്തിൽ മികവുറ്റ ഒരു പിടി മഹത് വ്യക്തികളെ വാർത്തെടുക്കാൻ ഈ പരിപാവനമായ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൈതൃക കലാലയം മികവിന്റെ കേന്ദ്രം എന്ന പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്ന പി.ജി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളവർമ്മയിൽ ആരംഭിച്ച എം.എ ഹിന്ദി കോഴ്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. മന്ത്രി വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മികവിന്റെ കേന്ദ്രമാകുന്നതിന്റെ ഭാഗമായി കേരളവർമ്മയിൽ 30 കോടി രൂപ ചെലവഴിച്ചാണ് പി. ജി ബ്ലോക്ക് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 13.34 കോടി രൂപ ചെലവിലാണ് നിർമ്മാണം ആരംഭിക്കുന്നത്. 30 കോടി രൂപ ചെലവഴിച്ചാണ് പി.ജി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിക്കുക. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ആർ. ബിന്ദു, കൊച്ചിൻ ദേവസം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം ബോർഡ് സെക്രട്ടറി വി.എ ഷീജ, ദേവസ്വം ബോർഡ് മെമ്പർ എം.ജി നാരായണൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർമാരായ കെ. സുധീന്ദ്രൻ, കെ.വി അരുൺ, കോളേജ് യൂണിയൻ ചെയർമാൻ ജെ.പി അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.