കാഞ്ഞാണി: മണലൂർ ജയ്ഹിന്ദ് പവർലൂം കെട്ടിടം അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് പരാതി. 20 വർഷമായി പ്രവർത്തനം നിലച്ച ഈ സ്ഥാപനത്തിൽ അനാശാസ്യ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ ആരോപിച്ചു.
സഹകരണ വിഭാഗത്തിന്റെ കീഴിൽ സഹകരണ സംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് ജയ്ഹിന്ദ് പവർലൂം പ്രവർത്തനം ആരംഭിച്ചത്.
ആദ്യകാലങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായിരുന്നു. 40 തൊഴിലാളികൾക്ക് ജോലി നൽകിയിരുന്ന സ്ഥാപനം രണ്ട് ഷിഫ്റ്റുകളിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേക്കറിൽ സ്ഥിതി ചെയ്യുന്ന സംഘത്തിന് സ്വന്തമായി കെട്ടിടവുമുണ്ട്. എന്നാൽ പ്രവർത്തനം നിലച്ചതോടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിലാണ് അനാശാസ്യ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നത്. തുടക്കത്തിൽ മികച്ച ഉത്പാദനവും ലാഭവും ഉണ്ടായിരുന്ന സംഘത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വിലകുറഞ്ഞ ഉത്പന്നങ്ങൾ കേരളത്തിലെത്താൻ തുടങ്ങിയതോടെ പവർലൂമിന്റെ പ്രവർത്തനം ലാഭകരമല്ലാതായി. 2000ൽ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ആരും തിരിഞ്ഞ് നോക്കാനില്ലാതെ കെട്ടിടം അനാഥമാകുകയായിരുന്നു.
കെട്ടിടത്തിൽ അനാശാസ്യ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നുണ്ട്. മയക്കുമരുന്ന് കുത്തിവച്ചതിന്റെ സിറിഞ്ചുകൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ളതിനാൽ പഞ്ചായത്തിനൊന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
ഷോയ് നാരായണൻ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
മണലൂർ പഞ്ചായത്ത്