കയ്പമംഗലം: ക്ഷീര കൃഷിയിലെ സമർപ്പണത്തിന് മൂന്നാം തവണയും വീട്ടമ്മയെ തേടി അംഗീകാരം. കയ്പമംഗലം പള്ളിത്താനം വെസ്റ്റ് നടീപ്പറമ്പത്ത് ഉദയകുമാറിന്റെ ഭാര്യ അംബികയാണ് ക്ഷീര വികസന വകുപ്പിന്റെ ഈ വർഷത്തെ ക്ഷീരസഹകാരി അവാർഡിന് അർഹയായത്.

മുപ്പതാണ്ട് നീണ്ട ക്ഷീര കൃഷിയിൽ ഭർത്താവാണ് അംബികയുടെ ഏറ്റവും വലിയ പിന്തുണ. ആദികേശവപുരം ക്ഷീര കർഷകസംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന ഈ വീട്ടമ്മ 45 പശുക്കളെയും 15 കിടാരികളെയുമാണ് പരിപാലിക്കുന്നത്. പ്രതിദിനം 500 ഓളം ലിറ്റർ പാലാണ് സംഭരിക്കുന്നത്.

പ്രാദേശിക വിൽപന കഴിഞ്ഞ് ബാക്കി വരുന്ന 300 ഓളം ലിറ്റർ സംഘത്തിൽ അളക്കും. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയുണ്ടാക്കി ആവശ്യക്കാർക്കും വിൽപന നടത്തുമെന്ന് അംബിക പറഞ്ഞു. ബയോഗ്യാസിലൂടെ വീട്ടാവശ്യത്തിന് പാചകവാതകം നിർമ്മിക്കുകയും ചെയ്യുന്നു. 2015 ലാണ് ഇതിനു മുമ്പ് ഇതേ അവാർഡ് അംബികയ്ക്ക് ലഭിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ തല അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.