തൃശൂർ : കോർപറേഷൻ പഴയ മുനിസിപ്പൽ പ്രദേശത്തും, കൂട്ടിച്ചേർത്ത പഞ്ചായത്ത് പ്രദേശത്തും, മാസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കുടവും പ്ലക്കാർഡുകളുമായി കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയുടെ അവസാന കാലഘട്ടം തുടങ്ങി ഇപ്പോഴും കോർപറേഷൻ അതിർത്തിയിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. ഈ കൗൺസിലിൻ്റെ ആദ്യ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ വിഷയം മേയറുടെയും, കൗൺസിലിലെയും ശ്രദ്ധയിൽപ്പെടുത്തുകയും, യുദ്ധകാലാടിസ്ഥാനത്തിൽ മേയർ ഇടപെട്ട് കുടിവെള്ളം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പ്രഥമ കൗൺസിലിൽ മേയർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഒരു മാസം പിന്നിട്ടിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കൗൺസിൽ ഹാളിൽ പ്രതിഷേധ സമരം നടത്തിയതെന്നും സ്ഥിതി തുടർന്നാൽ കൗൺസിലിന് അകത്തും പുറത്തും ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ഉപനേതാവ് ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.