പേരകം: എൽ.ഡി.എഫ് ഭരിക്കുന്ന പേരകം സർവീസ് സഹകരണ ബാങ്കിൽ സി.പി.എം, സി.പി.ഐ ഭിന്നത ശക്തം. പുതിയ ഭരണസമിതി അധികാരത്തിലെത്തിയത് മുതൽ സി.പി.ഐയെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമങ്ങൾ നിരന്തരമായി സി.പി.എം നടത്തുന്നുവെന്നാണ് സി.പി.ഐയുടെ ആരോപണം.
നഗരസഭാ തിരഞ്ഞടുപ്പിന് ശേഷം ബാങ്ക് നിലനിൽക്കുന്ന പൂക്കോട് പ്രദേശത്തുകാരിയായ സി.പി.ഐയിലെ വൈസ് ചെയർപേഴ്‌സൺ അനീഷ്മയെ ഒഴിവാക്കി ഗുരുവായൂർ സ്വദേശിയായ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസിനെ പങ്കെടുപ്പിച്ചിരുന്നു. ബാങ്കിൽ നടന്ന ഈ സ്വീകരണചടങ്ങിൽ പ്രാദേശിക സി.പി.എം നേതാവിനെ ഉദ്ഘാടകനാക്കിയതിലും സി.പി.ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സി.പി.ഐക്കാരനായ സ്ഥിരം ജീവനക്കാരനെ പെട്ടെന്നൊരു ദിവസം പെൻഷൻ വിതരണച്ചുമതലയിൽ നിന്ന് മാറ്റി താത്കാലിക ജീവനക്കാരിക്ക് പകരം ചുമതല നൽകിയ പ്രസിഡന്റ് എം.എസ്. വാസുവിന്റെ നടപടിയാണ് പുതിയ തർക്കത്തിലേക്ക് വഴിവച്ചത്. ബോർഡിൽ ആലോചിക്കാതെയുള്ള പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിയിൽ സി.പി.ഐ അംഗങ്ങൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് വിയോജന കുറിപ്പ് നൽകി.
തുടർച്ചയായുള്ള ഇത്തരം നടപടികൾ പാർട്ടിയെ ചവിട്ടിത്താഴ്ത്തുന്ന നടപടിയായാണ് സി.പി.ഐ വിലയിരുത്തുന്നത്. അടുത്തിടെ സി.എം.പിയിൽ നിന്ന് ലയനം വഴി സി.പി.എമ്മിലെത്തിയ ബാങ്ക് ജീവനക്കാരനാണ് മേഖലയിലെ ഇടതുമുന്നണി സംവിധാനത്തെ തന്നെ താറുമാറാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് സി.പി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.