ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ഒന്നാം ചരമവാർഷിക ദിനമായ 16ന് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പത്മനാഭൻ അനുസ്മരണം സംഘടിപ്പിക്കും. രാവിലെ 9 ന് പുന്നത്തൂർ ആനക്കോട്ടയിലാണ് ചടങ്ങ്. കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന സഹസ്രകലശം ആരംഭദിനത്തിന്റെ തലേന്ന് ഫെബ്രുവരി 26 നായിരുന്നു പത്മനാഭൻ ചരിഞ്ഞത്. സഹസ്രകലശാരംഭദിനമായ 27 ന് രാവിലെയാണ് പത്മനാഭന്റെ ഭൗതികശരീരം സംസ്കരിച്ചത്. പത്മനാഭന്റെ സ്മരണ നിലനിർത്തുന്നതിനായി സ്മാരകം നിർമ്മിക്കുവാനും എല്ലാ വർഷവും ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന സഹസ്ര കലശത്തിന്റെ ആരംഭദിവസം രാവിലെ അനുസ്മരണം നടത്താനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്ത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്വ. കെ.വി മോഹനകൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ ടി . ബീജാകുമാരി എന്നിവർ പങ്കെടുത്തു .