കയ്പമംഗലം: കുടിവെള്ളം, കടൽക്ഷോഭം, വെള്ളക്കെട്ട് തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് ജില്ലാ പഞ്ചായത്ത് തീരദേശ ഡിവിഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പു വരുത്താനായി നിലവിലുള്ള കിണറുകളും കുളങ്ങളും റീചാർജ് ചെയ്ത് ഗ്രൗണ്ട് വാട്ടർ ലെവൽ ഉയർത്തി ശുദ്ധജല ക്ഷാമം നേരിടും. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തും.

അതോടൊപ്പം പൊതു പൈപ്പ് സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമിക്കും. ഇതിനായി എം.എൽ.എ, എം.പി ഫണ്ട് ഉപയോഗപ്പെടുത്തും. ജലലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തളിക്കുളം, മതിലകം എന്നീ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജലലഭ്യതയെ കുറിച്ച് വിദഗ്ദ്ധ പഠനം നടത്തി വേണ്ട നടപടികളെടുക്കും. കനോലി കനാലിലെയും ചേറ്റുവ പുഴയിലെയും ചെളിനീക്കം ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. മഴക്കാലത്തിന് മുമ്പായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ, നീർത്തടങ്ങൾ എന്നിവയിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവികമായ ഒഴുക്ക് വേഗത്തിലാക്കുകയും കയർ ഭൂവസ്ത്രം ധരിപ്പിക്കുന്നതിനും യോഗത്തിൽ ധാരണയായി. കടലാക്രമണം നേരിടാൻ ജിയോ ബാഗ് തടയിണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വളണ്ടിയർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തും. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം അഹമ്മദ്, കെ.എസ് ജയ, അംഗങ്ങളായ മഞ്ജുള അരുണൻ, സുഗത ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ ചന്ദ്രബാബു, ശാന്തി ഭാസി, സുശീല സോമൻ, ഷിനിത അഷിക് എന്നിവർ യോഗത്തിൽ പങ്കെടുത്തു