sunilkumar

തൃശൂർ: മൂന്നു തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനം സി.പി.ഐ കടുപ്പിച്ചതോടെ തൃശൂരിൽ ആരെന്നത് സംബന്ധിച്ചു ചർച്ചകൾ സജീവമാകുന്നു. വി. എസ്. സുനിൽ കുമാർ മാറും എന്ന കാര്യത്തിൽ ഉറപ്പായതോടെ മികച്ച സ്ഥാനാർത്ഥിക്കായുള്ള ചർച്ചകൾ അണിയറയിൽ സജീവമായി. സുനിൽകുമാർ മാറിയാൽ മുതിർന്ന നേതാവ് എന്ന നിലയിൽ കെ.പി. രാജേന്ദ്രന്റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും മൂന്നു തവണ മത്സരിച്ചതിനാൽ അതും അടഞ്ഞു. പിന്നെ സി.എൻ. ജയദേവൻ രണ്ടു തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക് സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ പേരും തഴയപ്പെടാനാണ് സാദ്ധ്യത. അങ്ങനെ വന്നാൽ പി. ബാലചന്ദ്രന്റെ പേരിനു മുൻഗണന ഏറിയിട്ടുണ്ട്. അതോടൊപ്പം യുവജന നേതാക്കളെ ആരെയെങ്കിലും പരീക്ഷിക്കാനുള്ള സാദ്ധ്യതയുമുണ്ട്. എ.ഐ.വൈ.എഫ്. നേതാവായിരുന്ന പ്രദീപ് കുമാർ, നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.പി. സന്ദീപ് എന്നിവരെയും പരിഗണിച്ചേക്കാം. കോർപ്പറേഷൻ കൗൺസിലർ സാറാമ്മ റോബ്സന്റെ പേര് ഉയർന്നിരുന്നെങ്കിലും കോർപ്പറേഷൻ ഭരണം തുലാസിൽ നിൽക്കുന്നതിനാൽ അവരെ രാജിവെപ്പിച്ചു നിർത്തിയാൽ അത് ദോഷം ചെയ്യുമെന്ന കണക്കു കൂട്ടലും ഉണ്ട്. സി.പി.എം ഇതിനു സമ്മതം മൂളില്ല എന്നാണ് കരുതുന്നത്. ഒരു പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കുന്നതു സംബന്ധിച്ച ചർച്ചകളിലേക്കും പാർട്ടി കടക്കുമെന്ന് കരുതുന്നവരും ഉണ്ട്.