sunilkumar


തൃശൂർ: മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിറുത്താനുള്ള തീരുമാനം സി.പി.ഐ കടുപ്പിച്ചതോടെ തൃശൂരിൽ മന്ത്രി വി.എസ് സുനിൽ കുമാറിന് പകരം ആര് എന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവം. സുനിൽ കുമാറിന്റെ കാര്യത്തിൽ ഇളവ് ലഭിക്കുമെന്നായിരുന്നു സി.പി.ഐ ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം കടുപ്പിക്കാനായിരുന്നു തീരുമാനം. സുനിൽ കുമാർ മാറിയാൽ മുതിർന്ന നേതാവ് എന്ന നിലയിൽ കെ.പി രാജേന്ദ്രന്റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും മൂന്ന് തവണ മത്സരിച്ചതിനാൽ അതും അടഞ്ഞു.

സി.എൻ ജയദേവൻ രണ്ട് തവണ നിയമസഭയിലേക്കും രണ്ട് തവണ ലോക് സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. അതുകൊണ്ട് ആ പേരും തഴയപ്പെട്ടേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാൽ പി. ബാലചന്ദ്രന്റെ പേരിന് മുൻഗണനയുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിന്റെ പേരും പരിഗണിച്ചേക്കും. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട രാജാജി മാത്യു തോമസാണ് പിന്നെയുള്ള മുതിർന്ന നേതാക്കളിൽ ഒരാൾ.

എന്നാൽ മത്സര രംഗത്തേക്ക് ഇല്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

അതേസമയം യുവനേതാക്കളെ ആരെയെങ്കിലും പരീക്ഷിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. എ.ഐ.വൈ.എഫ് നേതാവും മന്ത്രി സുനിൽ കുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ പ്രദീപ് കുമാർ, മികച്ച പ്രാസംഗികനും എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി സന്ദീപ് എന്നിവരെയും പരിഗണിച്ചേക്കാം. കോർപറേഷൻ കൗൺസിലർ സാറാമ്മ റോബ്‌സന്റെ പേര് ഉയർന്നിരുന്നെങ്കിലും ഇവിടെ ഭരണം തുലാസിൽ നിൽക്കുന്നതിനാൽ അവരെ രാജിവയ്പ്പിച്ചു നിറുത്തിയാൽ അത് ദോഷം ചെയ്യുമെന്ന കണക്കു കൂട്ടലുമുണ്ട്. ജയിച്ച് കഴിഞ്ഞാൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ വിജയം യു.ഡി.എഫിനാണെങ്കിൽ കോർപറേഷൻ ഭരണം നഷ്ടമാകും.

സി.പി.എം ഇതിന് സമ്മതം മൂളില്ല എന്നാണ് കരുതുന്നത്. ഒരു പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കുന്നത് സംബന്ധിച്ച ചർച്ചകളും കൊഴുക്കുന്നുണ്ട്. കോൺഗ്രസിൽ പത്മജ വേണുഗോപാൽ തന്നെയാകും എന്നാണ് സൂചന. ബി.ജെ.പിയിൽ സംസ്ഥാന വക്താക്കളായ അഡ്വ.ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ, ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എകദേശ ധാരണയായേക്കും. നാട്ടികയിൽ രണ്ട് തവണ വിജയിച്ച ഗീതാ ഗോപിക്ക് ഒരവസരം കൂടി നൽകിയേക്കും. ഗീതാ ഗോപി പാർട്ടി ഘടകങ്ങളുമായി അത്ര രസത്തിലല്ലെങ്കിലും സംവരണ മണ്ഡലമായ ഇവിടെ ഒരു പുതുമുഖത്തെ ഇറക്കേണ്ടായെന്ന നിലപാടിലാണ് നേതൃത്വം.

താനില്ലെങ്കിലും വിജയിക്കുമെന്ന് മന്ത്രി

മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ചവർ ഇനി മത്സരിക്കേണ്ടായെന്ന പാർട്ടി തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി വി. എസ്. സുനിൽ കുമാർ. താൻ മത്സരിച്ചില്ലെങ്കിലും തൃശൂർ മണ്ഡലത്തിൽ ഇടതു മുന്നണി വിജയിക്കും. പുതുമുഖങ്ങൾ വരട്ടെയെന്നും മന്ത്രി പ്രതികരിച്ചു.