
തൃശൂർ: മോഷ്ടാക്കളുടെ വിളയാട്ടം കനക്കുന്നതിനിടെ, മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടമായത് 120 പവനും ലക്ഷകണക്കിന് രൂപയും. സിറ്റി പൊലീസ് പരിധിയിയിലും റൂറൽ പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടത്താണ് മോഷണം നടന്നത്. ആഴ്ചകൾക്ക് മുമ്പ് വലപ്പാടും മതിലകത്തും നടന്ന വൻ കവർച്ചകൾക്ക് പിന്നാലെയാണ് ഭീതി പരത്തി വീണ്ടും മോഷ്ടാക്കൾ വാഴുന്നത്.
ഇതുവരെയും ആരെയും പിടികൂടാനായിട്ടില്ല. കൊവിഡ് കാലത്ത് ഇത്തരം സംഭവങ്ങൾ കുറഞ്ഞിരുന്നെങ്കിലും ആളുകൾ വീട് വിട്ട് പുറത്ത് പോയി തുടങ്ങിയതോടെ കവർച്ചാ സംഘങ്ങളും രംഗപ്രവേശം ചെയ്തു. വെള്ളിയാഴ്ച്ച കൊടകരയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 95 പവൻ സ്വർണഭരണങ്ങളാണ് കവർന്നത്. വീടിന്റെ കള്ളത്താക്കോലിട്ടാണ് വാതിൽ തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നത്. ലോക്കറിൽ ഇരുന്നിരുന്ന സ്വർണം സ്ഥലം വാങ്ങുന്നതിനായി വിൽക്കാൻ അടുത്തിടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
വ്യാഴാഴ്ച സിറ്റി പൊലീസ് പരിധിയിലെ പേരാമംഗലത്തും റൂറലിലെ തളിക്കുളത്തും ആളില്ലാത്ത വീടുകളിൽ മോഷണം നടന്നിരുന്നു. പേരാമംഗലത്ത് 25 പവനും 10,000 രൂപയും തളിക്കുളം കൈതക്കലിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. 1,70,000 രൂപയും ഒന്നര ലക്ഷം യു.എ.ഇ ദിർഹവും 4 പവൻ സ്വർണ്ണാഭരണവുമാണ് മോഷണം പോയത്. മൂന്നാഴ്ച്ച മുമ്പാണ് വലപ്പാട് പൊലീസ് സ്റ്റേഷന് സമീപം പട്ടാപ്പകൽ വീട്ടുകാർ പുറത്തുപോയ സമയത്ത് പിറകു വശത്തെ വാതിൽ കുത്തിത്തുറന്ന് 65 പവൻ മോഷ്ടിച്ചത്. പ്രതികളെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണങ്ങളിൽ ഉൾപ്പെടെ ഒരു കേസിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളിലേക്ക് അന്വേഷണമെത്തിയിട്ടില്ല. ഊർജിതമായ അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളിൽ ജനം ഭീതിയിലാണ്.
കോർപറേഷൻ ഓഫീസ് കോമ്പൗണ്ടും മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതിയുണ്ട്. എതാനും ദിവസം മുമ്പ് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി കോർപറേഷനുള്ളിലെ മുറിയിൽ വച്ചിരുന്ന ബാഗിൽ നിന്ന് 19,000 രൂപ കവർന്ന സംഭവം ഉണ്ടായി. പല ജീവനക്കാരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതായി പരാതി ഉണ്ട്. കോർപറേഷൻ ഓഫീസ് കോമ്പൗണ്ടിൽ കാമറ സംവിധാനം പോലും ഇല്ലെന്ന ആക്ഷേപമുണ്ട്.
നഗരത്തിൽ മുൻ കരുതൽ എന്ന നിലയിൽ പട്രോളിംഗ് ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പി. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ