dyfi
തേക്കിൻകാട് മൈതാനിയിൽ ശുചീകരണം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ

തൃശൂർ : തേക്കിൻകാടിനെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മുക്തമാക്കാനുള്ള ഡി.വൈ.എഫ്.ഐയുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർണം. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ശുചീകരണത്തിലൂടെ തേക്കിൻകാട് മൈതാനത്തെ പ്ലാസ്റ്റിക് മാലിന്യം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നീക്കി.
തേക്കിൻകാട് മൈതാനത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളിൽ ഒരു പശുക്കുട്ടിയുടെ മരണത്തിനിടയാക്കിയത് കുടലിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു.
സമാന രീതിയിൽ ഒരു മാസത്തിനുള്ളിൽ മൂന്ന് പശുക്കുട്ടികളടക്കം അഞ്ച് പശുക്കളുടെ ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് പരിഹാരം കാണുന്നതിന് ഡി.വൈ.എഫ്.ഐ തൃശൂർ ബ്ലോക്കിലെ പ്രവർത്തകർ തേക്കിൻകാട് ശുചീകരണത്തിനിറങ്ങിയത്. ആദ്യഘട്ടം മൈതാനിയിലെ പടിഞ്ഞാറെ നടയുടെ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തിരുന്നു. ബാക്കി വരുന്ന പ്രദേശങ്ങളിലെ പ്ലാസ്റ്റിക് രണ്ടാംഘട്ട പ്രവർത്തനത്തോടെ നീക്കം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി കെ.എസ്. സെന്തിൽകുമാർ, പ്രസിഡന്റ് ആൻസൻ സി. ജോയ് എന്നിവർ നേതൃത്വം നൽകി. തേക്കിൻകാടിന്റെ ശുചീകരണ പ്രവർത്തനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊച്ചിൻ ദേവസ്വം ബോർഡും വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതിയും അഭിനന്ദിച്ചു.