abipraya-sadhas
കൊടുങ്ങല്ലൂരിൽ സംസ്ഥാന യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച അഭിപ്രായ സദസ്സിൽ തിരക്കഥാകൃത്ത് പി.എസ് റഫീഖിൽ നിന്ന് ആദ്യത്തെ അഭിപ്രായം അഡ്വ. വി.ആർ. സുനിൽ കുമാർ എം എൽ എ ഏറ്റു വാങ്ങുന്നു.

കൊടുങ്ങല്ലൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ 'യുവത പറയുന്നു ഭാവികേരളത്തെക്കുറിച്ച് ' എന്ന പേരിൽ കൊടുങ്ങല്ലൂരിൽ അഭിപ്രായ സദസ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു. യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. വി. ആർ സുനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയായി. സാഹിത്യം, കല, സിനിമ, അഭിഭാഷകർ, യുവ കർഷകർ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെട്ട 15 പേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ യൂത്ത് കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിലാണ് അഭിപ്രായ സദസ് സംഘടിപ്പിച്ചത്. നേരിട്ട് അഭിപ്രായം രേഖപ്പെടുത്താൻ കഴിയാത്തവർ അവരുടെ അഭിപ്രായങ്ങൾ എഴുതി നൽകി. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കി മുഖ്യമന്ത്രിക്ക് കൈമാറും. സംസ്ഥാന യുവജനക്ഷേമ വകുപ്പ് വൈസ് ചെയർമാൻ സതീശൻ, നഗരസഭ ചെയർപേഴ്‌സൺ എം. യു ഷിനിജ, വൈസ് ചെയർമാൻ കെ. ആർ ജൈത്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷീല പണിക്കശ്ശേരി, എൽസി പോൾ, വാർഡ് കൗൺസിലർ കെ. എസ് ദിനൽ, കഥാകൃത്ത് പി. എസ് റഫീഖ്, കവയത്രി വിജയരാജമല്ലിക, ചലച്ചിത്ര നടൻ വിജു, യുവജനക്ഷേമ വകുപ്പ് ജില്ല പ്രോഗ്രാം ഓഫീസർ സജിത തുടങ്ങിയവർ പങ്കെടുത്തു.