
കൊടുങ്ങല്ലൂർ: തൃക്കണാമതിലകത്തിന്റെ ചരിത്രം പറയുന്ന പുരാതനമായ മതിലകം ബംഗ്ലാവ് കടവ് ഇനി മുതൽ കമ്മ്യൂണിറ്റി സെന്റർ. കനോലി കനാലിന്റെ തീരത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത ബംഗ്ലാവാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സെന്ററാക്കിയത്. സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.
33 ലക്ഷം രൂപ ചെലവഴിച്ച് ബംഗ്ലാവിന്റെ പൗരാണികത നിലനിറുത്തിയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. പൗരാണിക ബംഗ്ലാവ് കമ്മ്യൂണിറ്റി സെന്ററാകുന്നതോടെ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം കുട്ടികൾക്കും ഉച്ച മുതൽ വൈകീട്ട് വരെയുള്ള സമയം സ്ത്രീകൾക്കും വൈകിട്ട് മുതൽ രാത്രി നിശ്ചിത സമയം വരെ മുതിർന്നവർക്കും വായനയ്ക്കും വിനോദവിശ്രമവേളകൾക്കുമായി ഉപയോഗിക്കാം.
ആദ്യകാലങ്ങളിൽ കനോലി കനാലിലൂടെ മലബാറിലേക്കും മറ്റും യാത്രചെയ്തിരുന്നവർ ഇവിടെയാണ് വിശ്രമിച്ചിരുന്നത്. കോട്ടപ്പുറം മുതൽ പൊന്നാനി വരെ കനോലികനാലിലൂടെ വഞ്ചി സർവീസും ബോട്ട് സർവീസും ഉണ്ടായിരുന്നു. കമ്പനി വഞ്ചി എന്നാണ് വള്ളത്തെ വിളിച്ചിരുന്നത്. ഉച്ചത്തിൽ ഹോൺ മുഴക്കിയാണ് വഞ്ചി ഇതിലേ കടന്നു പോയിരുന്നത്. നാട്ടുകാർ രാവിലത്തെ സമയം കണക്കാക്കിയിരുന്നത് വഞ്ചിയുടെ ഈ ഹോണിന്റെ അടിസ്ഥാനത്തിലായിരുന്നു. ട്രാവലേഴ്‌സ് ബംഗ്ലാവിന് സമീപം വഞ്ചിക്ക് സ്റ്റോപ്പുണ്ടായിരുന്നു. ഇതാണ് ബംഗ്ലാവ് കടവ് എന്ന പേരിന് ആധാരം. ദീർഘകാലം മതിലകം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നതും ഈ കെട്ടിടത്തിലാണ്.
അറ്റകുറ്റപ്പണികളില്ലാതെ ചോർന്നൊലിച്ചും ചിതലരിച്ചും തകർന്ന നിലയിലെത്തിയ കെട്ടിടം 2019ലാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കെട്ടിടത്തോട് ചേർന്ന് ബോട്ടുജെട്ടിയും സ്ഥാപിച്ചു. ഇ. ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ് രവീന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി. എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.