
തൃശൂർ: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പുത്തൂരിൽ ആധുനിക സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമായി. പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഓൺലൈനിലൂടെ മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. ഒന്നാം ഘട്ടത്തിലെ എല്ലാ നിർമ്മാണവും പൂർത്തിയാക്കിയാണ് പാർക്ക് തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം അവസാനത്തോടെ വന്യ ജീവികളെ പാർക്കിലെത്തിക്കും. ഏഷ്യയിലെ ഏറ്റവും മികച്ച പാർക്കായി പുത്തൂർ മൃഗശാലയെ മാറ്റുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഒന്നാംഘട്ടത്തിൽ മൃഗങ്ങൾക്കുള്ള നാല് വാസസ്ഥലങ്ങൾ, പാർക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം എന്നിവ പൂർത്തിയാക്കി.