puthoor

തൃശൂർ: കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളും പക്ഷികളും സ്വസ്ഥമായി വിഹരിക്കാൻ തയ്യാറെടുക്കുകയാണ് പുത്തൂരിൽ. കാട് നശിപ്പിച്ച് കൂടുകൾ പണിയുകയല്ല, പകരം വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യസ്ഥയിൽ തുറന്നിടുകയാണ് പുത്തൂർ മൃഗശാലയിൽ. മദ്ധ്യപ്രദേശിലെയും ആഫ്രിക്കയിലെയും ഭൂവിഭാഗങ്ങളാണ് ഇവിടെ പുനഃസൃഷ്ടിക്കുന്നത്.

ശാസ്ത്രീയമായി കൻഹ സോൺ, സൈലന്റ് വാലി സോൺ, സുളു ലാൻഡ്, ഷോല ലാൻഡ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളായാണ് ഇവിടെ കൂടുകൾ ഒരുക്കുന്നത്. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടങ്ങളിൽ നട്ടു പിടിപ്പിക്കുക. വനവൃക്ഷങ്ങൾ, മുളകൾ, പനകൾ, പൂമരങ്ങൾ, വള്ളികൾ, ചെറുസസ്യങ്ങൾ, ജല സസ്യങ്ങൾ എന്നിവ ഉൾപ്പെടെ 10 ലക്ഷത്തോളം സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിക്കും.

പ്രതിവർഷം മുപ്പത് ലക്ഷം സഞ്ചാരികൾ പുത്തൂരിലേക്കെത്തും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സന്ദർശകർക്കായുള്ള ഹോട്ടലുകളും മറ്റു നിരവധി സൗകര്യങ്ങളും ഇതോടൊപ്പം ഇവിടെ ഉയരും. സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും സ്വാഭാവികമായി വികസനക്കുതിപ്പിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി പുത്തൂരിലേക്ക് വരുന്ന റോഡുകളെല്ലാം അത്യാധുനിക നിലവാരത്തിൽ പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്. പുത്തൂർ സുവോളജിക്കൽ പാർക്കും സൗന്ദര്യവത്കരിക്കപ്പെടുന്ന കായലുകളും പീച്ചി ഡാമും ബന്ധിപ്പിച്ച് വിനോദ സഞ്ചാര ഇടനാഴി യാഥാർത്ഥ്യമാവുന്നതോടെ തൃശൂർ ലോക ഭൂപടത്തിൽ സ്ഥാനം പിടിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

സൈലന്റ് വാലി

സൈലന്റ് വാലിയിലെ ആവാസ വ്യവസ്ഥയെ പുത്തൂരിലേക്ക് കൊണ്ടുവരും. സൈലന്റ് വാലിയിൽ കാണുന്ന സിംഹവാലൻ കുരങ്ങുകൾക്കും കരിങ്കുരങ്ങുകൾക്കും സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സുളു ലാൻഡ്

ആഫ്രിക്കൻ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് പുത്തൂരിൽ ഈ പേരിൽ ഒരുക്കിയിട്ടുള്ളത്.

കൻഹസോൺ


ജിറാഫ് തുടങ്ങിയ മൃഗങ്ങൾ വിഹരിക്കുന്ന കൻഹസോണിൽ മദ്ധ്യപ്രദേശിലെ ആവാസവ്യവസ്ഥയാണ് ഒരുക്കുക. മാനുകളുടെ ഇഷ്ട പ്രദേശമാണിവിടം.