കൊടുങ്ങല്ലൂർ: മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറത്ത് കൊടുങ്ങല്ലൂർ നഗരസഭ വിട്ടു കൊടുത്ത സ്ഥലത്ത് കേന്ദ്ര സർക്കാരിന്റെ ഫണ്ടുൾപ്പെടെ ഉപയോഗിച്ച് നിർമ്മിച്ച കോട്ടപ്പുറം ചിൽഡ്രൻസ് പാർക്ക് ഇന്ന് ഉദ്ഘാടനം നടത്തുന്നത് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആരോപിച്ചു.

നഗരസഭയിലെ പ്രതിപക്ഷ രാഷ്ടീയകക്ഷിയായ ബി.ജെ.പിയെയും കക്ഷി നേതാവുൾപ്പെടെയുളളവരെയും മാറ്റി നിറുത്തിയതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ: ഡി.ടി. വെങ്കിടേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, വി.ജി ഉണ്ണിക്കൃഷ്ണൻ , ഒ.എൻ. ജയദേവൻ, ടി. എസ് സജീവൻ, സുനിൽ കുമാർ കെ.എ, ശിവറാം, രശ്മി ബാബു എന്നിവർ പങ്കെടുത്തു. പാർക്ക് യഥാർത്ഥ്യമാക്കുവാൻ അഹോരാത്രം പരിശ്രമിച്ച കൗൺസിലർ വി.എം ജോണിയെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ കോൺഗ്രസ് കോട്ടപ്പുറം കോട്ട ബൂത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു. ഇന്ന് കരിദിനം ആചരിക്കുവാനും കോൺഗ്രസ് തീരുമാനിച്ചു.