പുതുക്കാട്: കുറുമാലിക്കാവ് ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷത്തിൽ പങ്കാളികളാകാറുള്ള രാപ്പാൾ ദേശം കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ഭരണിയാഘോഷം ഒഴിവാക്കി ചികിത്സാ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി മാതൃകയായി. ദേശത്തെ 250 ഓളം വീട്ടുകാർക്കാണ് അരിയും ഫലവ്യഞ്ജനവും ഉൾപ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്. പുതുക്കാട് പെരുമറത്ത് വിഷ്ണുമായ ക്ഷേത്രം മഠാധിപതി പി.കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. കെ.ജി. മനോജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.കെ. പ്രകാശൻ, കുറുമാലിക്കാവ് ദേവസ്വം ഓഫീസർ എൻ.വി. സന്തോഷ്‌കുമാർ, ദേശക്കമ്മിറ്റി പ്രസിഡന്റ് ഐ.സി. സുബ്രഹ്മണ്യൻ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു. കുംഭഭരണിക്ക് രാപ്പാൾ ദേശത്തിനുവേണ്ടി മേളം, പന്തൽ, പന്തം, വൈദ്യുതാലങ്കാരം എന്നിവ നിർവഹിച്ചുവന്നിരുന്നവർക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.