defenece

തൃശൂർ: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യ സിവിൽ ഡിഫൻസ് സേന നാളെ പുറത്തിറങ്ങും. സ്റ്റേഷൻ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് 2,400 സിവിൽ ഡിഫൻസ് വളണ്ടിയർമാർ പുറത്തിറങ്ങുന്നത്.

കേരളത്തിലെ 124 ഫയർ സ്റ്റേഷനുകളുടെ കീഴിലായി 50 പേർ വീതം 6,200 സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് കേരളത്തിലുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ പരിശീലനം പൂർത്തിയാക്കാൻ സാധിച്ച 2,400 പേർക്കാണ് പാസിംഗ് ഔട്ട്. ആദ്യമായാണ് ഇത്രയും വിപുലമായ ഒരു പാസിംഗ് ഔട്ട് ഓൺലൈനായി നടക്കുന്നത്.


സേനയുടെ ലക്ഷ്യം

2018ലും 2019ലും കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിലും സിവിൽ ഡിഫൻസ് സേന രൂപീകരിക്കുന്നതിന് കാരണമായത്
ദുരന്തമുഖത്ത് ആദ്യ പ്രതികരണവുമായെത്തുന്ന തദ്ദേശവാസികൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുകയും അവരുടെ പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയുമാണ് സിവിൽ ഡിഫൻസ് രൂപീകരണം വഴി ലക്ഷ്യം വയ്ക്കുന്നത്. സിവിൽ ഡിഫൻസ് സേനയിലൂടെ കേരളത്തിലെ ദുരന്തനിവാരണം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് സാദ്ധ്യമാകും. തൃശൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 180 സിവിൽ ഡിഫൻസ് അംഗങ്ങളാണ് പാസിംഗ് ഔട്ടിൽ പങ്കെടുക്കുന്നത്. പാസിംഗ് ഔട്ട് നാളെ രാവിലെ 8.30ന് ആരംഭിക്കും.


പാസിംഗ് ഔട്ട് പരേഡ് നാളെ

പാസിംഗ് ഔട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് ഓൺലൈനായി സല്യൂട്ട് സ്വീകരിക്കും. 14 ജില്ലകളിലും ഒരേ സമയം നടക്കുന്ന പാസിംഗ് ഔട്ടിൽ 13 ജില്ലാ ആസ്ഥാനങ്ങളിലും തൃശൂരിലെ രാമവർമപുരം ഫയർ ആൻഡ് റസ്‌ക്യു സർവീസസ് അക്കാഡമിയിലുമാണ് ചടങ്ങ് നടക്കുക. കേരള ഫയർ റസ്‌ക്യു സർവീസസ് ഹോം ഗാർഡ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബി. സന്ധ്യ ഐ.പി.എസ്, കേരളാ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഡയറക്ടർ ടെക്‌നിക്കൽ എം. നൗഷാദ് എന്നിവർ ഓൺലൈനായി ചടങ്ങിൽ സംബന്ധിക്കും.