
കൊടുങ്ങല്ലൂർ: കുട്ടികൾക്ക് കളിച്ച് തിമിർക്കാൻ കോട്ടപ്പുറം കായലോരത്ത് പാർക്ക് തുറന്നു. മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പുറം മുസിരിസ് കായലോരത്താണ് കുട്ടികളുടെ ഉല്ലാസവേളകൾ ആനന്ദകരമാക്കാൻ പാർക്ക് നിർമ്മിച്ചത്.
കോട്ടപ്പുറം കായലോരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടപ്പുറം മുസിരിസ് കായലോരത്തുള്ള നഗരസഭയുടെ സ്വന്തം സ്ഥലത്താണ് മുസിരിസ് പൈതൃക പദ്ധതിയുടെ സഹായത്തോട് കൂടി പാർക്ക് നിർമ്മിച്ചത്. 54 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്. കോട്ടപ്പുറം മുസിരിസ് കായലോരത്തും ആംഫി തിയേറ്ററിലും ദിനംപ്രതി വൈകുന്നേരങ്ങളിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് എത്തിച്ചേരുന്നത്.
എന്നാൽ കുടുംബങ്ങളോടൊപ്പം വരുന്ന കുട്ടികൾക്ക് കളിക്കാനും വിനോദത്തിനും നിലവിൽ മറ്റ് സംവിധാനങ്ങളില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഒരു ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ച് നൽകാൻ മുസിരിസ് പൈതൃക പദ്ധതി അധികൃതർ തീരുമാനിച്ചത്. നിലവിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് കായലോരത്ത് വി. കെ രാജൻ മെമ്മോറിയൽ പാർക്ക് എന്ന പേരിൽ കുട്ടികൾക്കായി ആധുനിക രീതിയിലുള്ള കളിയുപകരണങ്ങളോട് കൂടിയ പാർക്ക് കൊടുങ്ങല്ലൂർ നഗരസഭ ഈയടുത്ത് പുനർനവീകരിച്ചു കുട്ടികൾക്ക് തുറന്നു കൊടുത്തിരുന്നു.
ഇതിന് പുറമെയാണ് കോട്ടപ്പുറത്ത് കുട്ടികൾക്കായി മറ്റൊരു പാർക്ക് കൂടി യാഥാർത്ഥ്യമായത്. അഡ്വ. വി. ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാല കിരൺ, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, നഗരസഭ ചെയർപേഴ്സൺ എം. യു ഷിനിജ, വൈസ് ചെയർമാൻ കെ. ആർ ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി. എം നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.