kanchav

തൃശൂർ: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയിൽ കഞ്ചാവ്, മയക്കു മരുന്ന് എന്നിവയുമായി വ്യത്യസ്ത സംഭവങ്ങളിൽ മൂന്നു പേർ പിടിയിലായി. വരന്തരപ്പിള്ളി സ്വദേശി ആഷിക് (41), പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഹാലുദ്ദീൻ (46) എന്നിവരെയാണ് ലോറിയിൽ 100 കിലോയിലധികം കഞ്ചാവു കടത്തിയതിന് അറസ്റ്റ് ചെയ്തത്. മുളയം സ്വദേശി പുളീംകുഴി വീട്ടിൽ ആരോമലിനെ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായാണ് പിടികൂടിയത്.

മണ്ണുത്തിയിൽ സംഘത്തെ പിടികൂടുമ്പോൾ നാല് കിലോ കഞ്ചാവ് മാത്രമാണ് ലോറിയിൽ അവശേഷിച്ചിരുന്നത്. 16 ചക്രങ്ങളുള്ള ടോറസ് ലോറിയിലാണ് കഞ്ചാവ് കടത്തിയത്. സാഹസികമായാണ് ഇവരെ എക്‌സൈ് സംഘം കീഴ്‌പ്പെടുത്തിയത്. വഴിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നും ഫോൺസന്ദേശം ലഭിക്കുന്നതിനനുസരിച്ചാണ് വിൽപ്പന. നിരവധി കാലമായി ലോറിയിൽ കഞ്ചാവു കടത്തിയിരുന്നുവെന്ന് അറസ്റ്റിലായ പ്രതികൾ പറഞ്ഞു.

ഒറ്റ ട്രിപ്പിൽ കൂടിയതോതിൽ കഞ്ചാവ് കടത്തലാണ് ഇവരുടെ രീതി. ഇവരുടെ സ്വാധീനത്തിലുള്ള മറ്റ് മൊത്ത വിതരണക്കാരെ കുറിച്ച് മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. കഞ്ചാവ് ചാക്കുകൾക്ക് മീതെ പച്ചക്കറി, കമ്പികൾ എന്നിവയിട്ട് മറയ്ക്കും. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.എസ്. ഷാജിയുടെ നിർദ്ദേശമനുസരിച്ചായിരുന്നു തെരച്ചിൽ.

തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സുരേഷ്, ഇൻസ്‌പെക്ടർ അഖിൽ, സ്‌പെഷൽ ടീമംഗങ്ങളായ മുജീബ്‌ റഹ്മാൻ, ജോസഫ്, ജെറിൻ, കിഷോർ കൃഷ്ണ, രാധാകൃഷ്ണൻ, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.


പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധം


പിടിയിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് സൂചന. ആന്ധ്രയിൽ നിന്നും ഒറീസയിൽ നിന്നും മാവോയിസ്റ്റുകളുടെ നേതൃത്വത്തിൽ കൂടുതൽ ലോഡുകൾ തമിഴ്‌നാട്ടിലും മറ്റും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച രഹസ്യവിവരം. അത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ആയുധം വാങ്ങാനാണ് കഞ്ചാവ് വിൽപ്പന നടത്തുന്നതെന്നാണ് അറിയുന്നത്.


മയക്കു മരുന്നു കേസിൽ പിടിയിലായത്

വധശ്രമ കേസ് പ്രതി

മൂന്ന് ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത് വധശ്രമ കേസുകളിൽ പ്രതിയായ മുളയം സ്വദേശി ആരോമലാണ്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനും പാർട്ടിയും ചേർന്ന് മുളയത്ത് നിന്നാണ് പിടികൂടിയത്.

കൊഴുക്കുള്ളി മുളയം കേന്ദ്രീകരിച്ചു നടന്നുവരുന്ന ഗുണ്ടാ ആക്രമണങ്ങൾക്ക് പിന്നിൽ ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണെന്ന് തൃശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ സി.യു. ഹരീഷ്, ടി.ആർ. സുനിൽകുമാർ, ഉദ്യോഗസ്ഥന്മാരായ കൃഷ്ണപ്രസാദ്, ടി.ആർ. സുനിൽ, ഷാജു, ബിബിൻ ചാക്കോ, വിനോജ്, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


ജില്ലയിലേക്ക് വൻ തോതിൽ ചരക്ക് ലോറികളിലും മറ്റും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പ് കർശനമായ പരിശോധനയാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വരവ് കൂടാൻ സാദ്ധ്യതയുണ്ടെന്നും അത് തടയാൻ ആവശ്യമായ നടപടികളെടുക്കും

കെ.എസ് ഷാജി

എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ