vaiga

തൃശൂർ: അഞ്ച് വിവിധ വേദികളിലായി നടന്നു വന്നിരുന്ന വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ 2021 ന് തിരശീല വീണു. ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളന ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

മന്ത്രി അഡ്വ. വി. എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. 16 കാർഷിക വിളകൾക്ക് തറവില നിശ്ചയിച്ച ഒരേ ഒരു സംസ്ഥാനം കേരളമാണെന്ന് ഗവർണർ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി നേരിട്ട് അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ കർഷകരെ പ്രാപ്തരാക്കാൻ ഇതിലൂടെ സാദ്ധ്യമായി. കൃഷി സംരക്ഷിക്കുന്നതിനും, തുടർച്ചയായി വൈഗ നടത്തുന്നതിനുമുള്ള സർക്കാരിന്റെ പ്രയത്‌നത്തെ ഗവർണർ അഭിനന്ദിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് 2020ലെ സംസ്ഥാന കർഷക അവാർഡുകളും, മാദ്ധ്യമ അവാർഡുകളും വിതരണം ചെയ്തു. അഞ്ച് വർഷമായി വൈഗ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നും മണ്ണിൽ പണിയെടുക്കുന്ന കർഷകനായിരിക്കണം ഏറ്റവും വലിയ അവാർഡ് നൽകേണ്ടതെന്നും അവാർഡ് വിതരണത്തിനിടെ കൃഷിമന്ത്രി പറഞ്ഞു. വിവിധ കർഷക ജേതാക്കളുടെ വിവരങ്ങളടങ്ങിയ ഹരിത ഗാഥ എന്ന പുസ്തകം മന്ത്രി ചീഫ് വിപ്പ് അഡ്വ.കെ. രാജന് നൽകി പ്രകാശനം നിർവഹിച്ചു. അഗ്രി ഹാക്കത്തോൺ മത്സര വിജയികൾക്കുള്ള കാഷ് പ്രൈസ്, പ്രശസ്തിപത്രം, ഫലകം എന്നിവ വേദിയിൽ വിതരണം ചെയ്തു.

മിത്രനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് മികച്ച സംഘകൃഷി അവാർഡ് ആലപ്പുഴ 24000 കായൽ പാടശേഖര സമിതിക്ക് നൽകി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവുമാണ് നൽകിയത്. സിബി കല്ലിങ്കൽ കർഷകോത്തമ അവാർഡ് കണ്ണൂരിലെ അനീഷ് പി.ബിക്കും, കേരകേസരി അവാർഡ് പാലക്കാട് ജില്ലയിലെ ശിവഗണേഷിനും സമ്മാനിച്ചു. രണ്ട് ലക്ഷം രൂപ വീതമാണ് കാഷ് പ്രൈസ് നൽകിയത്.

ഗവ ചീഫ് വിപ്പ് അഡ്വ.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡയറക്ടർ ഡോക്ടർ കെ. വാസുകി, പീരുമേട് എം.എൽ.എ ബിജിമോൾ, വാർഡ് കൗൺസിലർ റെജി ജോയ്, അഡീഷണൽ കൃഷി ഡയറക്ടർ കെ. രാധാകൃഷ്ണൻ, വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ശശിധര റാവു, കേരള സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ജിജു പി അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.