tree
മാരാങ്കോട് കവലയിലെ പാലമരം

ചാലക്കുടി: മാരാങ്കോട്ടുകാർക്ക് പാല ജംഗ്ഷനെന്നാൽ കോട്ടയത്തുകാരുടെ പാലാ പോലെത്തന്നെ എക്കാലത്തും പ്രിയപ്പെട്ടയിടം. തലമുറകളായി വളരുന്ന സാക്ഷാൽ പാല മരമാണ് ഈ സ്ഥലനാമത്തിന് ആധാരം. ഇവിടത്തെ കൂറ്റൻ പാലയുടെ ഇളംകാറ്റേൽക്കാത്ത ഒരാൾപോലും പട്ടികവർഗ കോളനികൂടി ഉൾപ്പെടുന്ന മാരാങ്കോട് ഗ്രാമത്തിലുണ്ടാകില്ല.

കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറയിലേക്ക് തിരിയുന്ന കവലയിൽ ആകാശപ്പന്തൽ ഒരുക്കി തണലും കുളിരും വിതറി തലയെടുപ്പോടെ നിൽക്കുന്ന മരം നാട്ടുകാർക്ക് സ്വകാര്യ അഹങ്കാരം കൂടിയാണ്. മാരാങ്കോട് കവലയിലെ പാലമരത്തിന് ഒരു ചരിത്രമുണ്ടെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തൽ.

അമ്പതു വർഷത്തോളം പ്രായമുള്ള മരമാണ് ഇപ്പോഴത്തെ സന്തതി.ഇതേ സ്ഥലത്ത് ഇതിനു മുമ്പും ഒരു പാലമുത്തശ്ശിയുണ്ടായിരുന്നു. കാലപ്പഴക്കത്താൽ നിലംപൊത്തിയ പാലമരത്തിന് പകരമായി മറ്റൊരെണ്ണം ആരോ നട്ടുവളർത്തി പരിപാലിക്കുകയായിരുന്നു.

ബസ് കാത്തു നിൽപ്പു കേന്ദ്രം, പത്രവായനയിടം. അങ്ങനെ നീളുന്നു മാരാങ്കോട്ടെ പാലയുടെ വരദാനങ്ങൾ. ഈ മരമുത്തശ്ശിയുടെ സംരക്ഷണത്തിനായി നാട്ടുകാരുടെ മനസിൽ പല പദ്ധതികളും വേരുപിടിച്ചു തുടങ്ങിയതാണ് നാട്ടിലെ പുതിയ വിശേഷം.

ഇടവഴിയായിരുന്ന മാരാങ്കോട് പാലമരം ഇതിന് മുൻപും ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഇത് മൂന്നാമത്തെ പാലമരമാണ് ഇപ്പോൾ നിൽക്കുന്നത്.

- നന്തിപുലത്ത് അയ്യപ്പൻ, (പരിസര വാസി, ആദിവാസി ക്ഷേമ സമിതി ഏരിയാ പ്രസിഡന്റ്)

1960 ൽ മാരാങ്കോട് പട്ടികജാതി - വർഗ സൗഹൃദ കോളനി ആരംഭിക്കുമ്പോൾ മൂന്നു റോഡുകൾ സന്ധിക്കുന്ന കവലയിൽ രണ്ടാമത്തെ പാലമരത്തിന്റെ സാമിപ്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ ഓർക്കുന്നു. ഇവിടത്തെ പാലമരം തങ്ങളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്.

- എം.കെ. സന്തോഷ്, മുൻ ഊരുമൂപ്പൻ