philip

ചേലക്കര: സ്വന്തമായി കിടപ്പാടമില്ലാത്തതിന്റെ ദുരിതം നന്നായി തിരിച്ചറിഞ്ഞയാളാണ് പങ്ങാരപ്പിള്ളി പുള്ളിക്കാവിൽ ഫിലിപ്പേട്ടൻ. അതിനാൽ കിടപ്പാടം ഇല്ലാത്തവർക്ക് തന്നാൽ കഴിയാവുന്ന സഹായം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിൽ എന്നുമുണ്ട്.

അതിനാൽ തന്റെ പേരിലുള്ള ഭൂമിയിൽ നിന്ന് 50 സെന്റ് സ്ഥലം പാവങ്ങൾക്ക് വീട് വയ്ക്കുന്നതിന് വിട്ടു നൽകാൻ തയ്യാറാണെന്ന് അദ്ദേഹം ജനപ്രതിനിധികളെ അറിയിച്ചിരുന്നു. ചേലക്കര പഞ്ചായത്തിന്റെ കഴിഞ്ഞ കാല ഭരണസമിതികളിൽ ഫിലിപ്പ് ചേട്ടൻ സ്ഥലം നൽകാനുള്ള ആഗ്രഹം പറഞ്ഞതാണ്. അന്ന് നടന്നില്ല. പക്ഷേ ഇപ്രാവശ്യം ഗ്രാമസഭയിലെത്തിയപ്പോൾ വൈസ് പ്രസിഡന്റിന്റെ ചെവിയിലാണ് ആഗ്രഹം വീണ്ടും പറഞ്ഞത്. വൈസ് പ്രസിഡന്റ് ഷെലീൽ തന്നെ കാര്യം ഗ്രാമസഭയിൽ അവതരിപ്പിച്ചു. യോഗത്തിൽ തന്നെ സമ്മതമറിയിച്ച് പഞ്ചായത്തിന് കത്തും നൽകി.

കേട്ടവരെല്ലാം നിറഞ്ഞ കൈയടിയോടെയാണ് ഫിലിപ്പേട്ടന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. അതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നും അഭിനന്ദനം അറിയിച്ചുള്ള സന്ദേശം ലഭിക്കുന്നു. കഴിഞ്ഞ ദിവസം ഇടവക ദേവാലയത്തിൽ നിന്നും ആദരവ് ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് ഈറനണിഞ്ഞു. പടിഞ്ഞാറെ പങ്ങാരപ്പിള്ളിയിലെ തന്റെ മൂന്നേ മുക്കാൽ ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ നിന്നുമാണ് സ്ഥലം നൽകുന്നത്.
വയസ് എൺപതായെങ്കിലും ഇപ്പോഴും മികച്ച കർഷകനും കഠിനാധ്വാനിയുമാണ് ഫിലിപ്പേട്ടൻ. ഒരു സെന്റ് പോലും ഭൂമിയില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് ചുറ്റുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. കുറച്ചു പേർക്കെങ്കിലും തുല്യമായി വീതിച്ച് നൽകി ലൈഫ് മിഷൻ പദ്ധതിയിലോ മറ്റോ പഞ്ചായത്ത് തന്നെ മുൻകൈയെടുത്ത് വീടുകളൊരുക്കി പാവങ്ങൾക്ക് നൽകണമെന്നാണ് ഫിലിപ്പേട്ടന്റെ ആഗ്രഹം. റാന്നിയിൽ ജനിച്ച ഫിലിപ്പേട്ടൻ കുടുംബസമേതം കുറെക്കാലം നിലമ്പൂരിലായിരുന്നു. പിന്നീട് പങ്ങാരപ്പിള്ളിയിലെത്തി താമസമാക്കി. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ഭാര്യ ബേബികുട്ടിയും മൂന്ന് ആൺമക്കളും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.