ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനു മുന്നോടിയായുള്ള സഹസ്ര കലശച്ചടങ്ങുകൾക്ക് ഇന്ന് ആരംഭമാകും. ദീപാരാധനയ്ക്കു ശേഷം ആചാര്യവരണം നടത്തും. തുടർന്ന് മുളയിടൽ ചടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ ശുദ്ധി കർമങ്ങൾ, ഹോമങ്ങൾ , കലശാഭിഷേകം എന്നിവ നടക്കും.
22ന് തത്വകലശവും 23ന് സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യുന്നതോടെ കലശച്ചടങ്ങുകൾക്ക് സമാപനമാകും. ക്ഷേത്രത്തിൽ ഉത്സവത്തിന് മുൻപ് സഹസ്രകലശച്ചടങ്ങുകൾ ആരംഭിച്ചത് 51 വർഷം മുൻപായിരുന്നു. അതു വരെ ദ്രവ്യകലശമായിരുന്നു പതിവ്.
ക്ഷേത്രത്തിൽ 1970 നവംബർ 29ന് തീപിടിത്തം ഉണ്ടായതിനു ശേഷം അന്നത്തെ തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമാണ് സഹസ്രകലശം ആരംഭിച്ചത്. തീപിടിത്തം കഴിഞ്ഞ ആദ്യ ഉത്സവത്തിന്റെ കൊടിയേറ്റ ദിവസം 1971 മാർച്ച് ഏഴിന് സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്തു. പിറ്റേ വർഷം മുതൽ ചടങ്ങ് കൊടിയേറ്റത്തിന്റെ തലേ ദിവസമാക്കുകയായിരുന്നു.