 
തൃശൂർ: സ്‌നേഹം കിട്ടാൻ മാത്രം ആരെങ്കിലും കാളയെ വളർത്തുമോ എന്ന് ചോദിച്ചാൽ ദിലീപ് പറയും- ''വീട്ടിലേക്കു വരൂ. തൊഴുത്തിൽ കാണാം, ഉംബ്‌ളാച്ചേരി കാളയെയും കൃഷ്ണപ്പശുവിനെയും.''
സുന്ദരിയായ കൃഷ്ണയെ ആരെങ്കിലും തൊട്ടാൽ ഉംബ്‌ളാച്ചേരി കുത്താൻ വരും. അത്രയ്ക്കുണ്ട് സ്‌നേഹം. ദിലീപ് അടുത്തുവന്നാൽ അവരുടെ ഇഷ്ടം ഇരട്ടിക്കും. ആരുമായും ഇണങ്ങില്ലെങ്കിലും ദിലീപിനെ കണ്ടാൽ തലകുലുക്കി ചേർന്ന് നിൽക്കും. വീടിനോട് ചേർന്ന് സ്റ്റീൽ ഫാബ്രിക്കേഷൻ നടത്തുന്ന രാമവർമ്മപുരം നെല്ലിക്കാട് ചെറുപ്പയിൽ ധർമ്മന്റെയും ഗീതയുടെയും മകനായ ദിലീപ്, ചെറുപ്പം മുതൽക്കേ മൃഗസ്‌നേഹിയാണ്. നാല് വർഷമായി വളർത്തുന്ന ഉംബ്‌ളാച്ചേരിയെക്കൊണ്ട് മറ്റ് ലാഭമൊന്നുമില്ല. കൃഷ്ണ ചുരത്തുന്നത് കഷ്ടി ഒന്നരലിറ്റർ പാൽ. നഷ്ടക്കച്ചവടം. പക്ഷേ, ദിലീപ് പറയും, അവയുടെ സ്‌നേഹമാണ് ലാഭമെന്ന്.
ചാലക്കുടിയിലെ അറവുശാലയിൽ അറക്കാൻ കൊണ്ടുവന്നപ്പോഴാണ് ഒരു കാളക്കുട്ടിയെയും തളളപ്പശുവിനെയും ദീലീപ് വാങ്ങിയത്. വലുതായപ്പോഴാണ് അത് ഉംബ്‌ളാച്ചേരി ഇനത്തിൽപ്പെട്ടതാണെന്നറിഞ്ഞത്. കാളയെ വളർത്തി. പശുവിനെ മറ്റൊരാൾക്ക് കൊടുത്തു. അതിനിടെയാണ് തഞ്ചാവൂരിൽ നിന്ന് കൃഷ്ണപ്പശുവിനെ വാങ്ങിയത്.
ഇവയെ ഇണചേർത്ത്, കൃഷ്ണ ഇനത്തിലുളള കാളക്കുട്ടിയുമുണ്ടായി. ചോളത്തവിട്, പിണ്ണാക്ക്, പുല്ല് എന്നിവയാണ് തീറ്റ. മൂന്ന് ദിവസത്തേക്ക് ഒരു റോൾ വൈക്കോൽ വേണം.
ഉംബ്‌ളാച്ചേരി
തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ഭാഗങ്ങളിൽ കണ്ടുവരുന്നു. 500 കി.ഗ്രാം വരെ ഭാരം. പശുക്കൾ പിറവിയിൽ ചുവപ്പ് നിറം. പിന്നീട് ചാരനിറമാകും. പോഷകഘടകങ്ങളും ഔഷധഗുണവും ഉള്ളതിനാൽ ആയുർവേദ മരുന്നുകൾക്കും ആചാരങ്ങൾക്കും പാൽ ഉപയോഗിക്കുന്നു. കാളകൾ കറുത്ത ചാരനിറമാകും. മുഖം, കൈകാലുകൾ, വാൽ എന്നിവയിൽ വെളുത്ത അടയാളങ്ങളുണ്ട്, കാലിൽ സോക്‌സിനോട് സാമ്യമുള്ള വെളുത്ത അടയാളങ്ങൾ കാണാം.
കൃഷ്ണപ്പശു
ശ്രീകൃഷ്ണന്റെ പശുക്കളാണെന്നാണ് വിശ്വാസം. കർണാടകയിൽ കണ്ടുവരുന്നു. തൂവെള്ള നിറം. നന്നായി ഇണങ്ങും. വലിയ പുരികങ്ങൾ. ഒരു മീറ്ററോളം ഉയരം. വരൾച്ചയെ അതിജീവിക്കും. പാൽ പോഷകസമ്പന്നം.
ഇത്തരം പശുക്കളുടെ പാലിന് വൈറ്റമിൻ എ, കരോട്ടിൻ, ഫാറ്റ് എന്നിവയെല്ലാം കൂടുതലായിരിക്കും.
-ഡോ. ജോസഫ് മാത്യു
വെറ്ററിനറി സർവകലാശാല