
തൃശൂർ: കേരളത്തിൽ തൊഴിലിനായി യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരികയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ എല്ലാ മാനദണ്ഡവും പാലിച്ച് കൃത്യമായ രീതിയിൽ നിയമനം നടത്തുമ്പോൾ കേരളത്തിൽ 30 ശതമാനത്തോളം പിൻവാതിൽ നിയമനങ്ങളാണ്.
റാങ്ക് ജേതാക്കൾ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. സ്വന്തക്കാരെ ജോലിയിൽ തിരുകിക്കയറ്റുകയാണ് സംസ്ഥാന സർക്കാർ.
ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടാണ്. ഡൽഹിയിൽ ഒരഭിപ്രായം, കേരളത്തിൽ മറ്റൊന്ന്. ഇവിടെ സർക്കാരിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ഡൽഹിയിൽ ഇവരുമായി കൂട്ടാണ്.
കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര 21ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.