vijaya-manthram

തൃശൂർ: സ്‌കൂളുകളിൽ അടക്കം കൊവിഡ് രോഗബാധ ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പരീക്ഷാഭയം മാറ്റുന്നതോടൊപ്പം മാനസികമായ പിന്തുണ നൽകി നിലവിലെ സാഹചര്യങ്ങൾ കാരണമുള്ള പിരിമുറുക്കം കുറക്കാനായി 'വിജയമന്ത്ര'വുമായി ആയുർവേദവും. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് നന്നായി പഠിക്കാനുള്ള പോംവഴികൾ നൽകുക, ഓർമ്മശക്തിയെ പരിപോഷിപ്പിക്കുന്ന രീതികൾ പരിശീലിപ്പിക്കുക, യോഗ പരിശീലനം, കൗൺസിലിംഗ് , ഏറെ മാനസിക സംഘർഷമുള്ളവരും കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവരുമായവരെ പ്രത്യേക ഒപിയിലേയ്ക്ക് റഫർ ചെയ്ത് മരുന്നുകൾ നൽകുക തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് 'വിജയമന്ത്രം'. ജില്ലാ പഞ്ചായത്തും നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും ചേർന്നാണ് നടത്തിപ്പ്. ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ സഹകരണവുമുണ്ട്. നാഷണൽ ആയുഷ് മിഷൻ നേതൃത്വം നൽകുന്ന 'ഹർഷം, ഭാരതീയ ചികിത്സാ വകുപ്പിന്റെ മാനസികാരോഗ്യം, ആയുഷ്ഗ്രാമം എന്നീ പദ്ധതികളുടേതാണ് സാങ്കേതിക സഹായം. വിഷാദരോഗത്തെ പ്രതിരോധിക്കാൻ ഭാരതീയചികിത്സാവകുപ്പ് ആരംഭിച്ച ഹർഷം പദ്ധതിയുടെ തുടർച്ചയാണിത്. ആയുർവേദത്തിൽ മാനസികാരോഗ്യത്തെ ലക്ഷ്യമിട്ട് നാഷണൽ ആയുഷ് മിഷൻ ഭാരതീയചികിത്സാവകുപ്പുമായി നടത്തുന്ന വിഷാദരോഗ മുക്ത ചികിത്സാപദ്ധതിയാണ് ഹർഷം. അമിതമായ പിരിമുറുക്കം, ഉറക്കക്കുറവ്, ധൈര്യക്കുറവ്, ലഹരിവസ്തുക്കളോടുള്ള അമിതാസക്തി, ഉത്കണ്ഠ, ദേഷ്യം, കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവയ്ക്കും ഇതിൽ ചികിത്സയുണ്ട്.

പദ്ധതിക്ക് പിന്നിൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ് ,ആയുർവേദ മെഡിക്കൽ അസോസയേഷൻ ഒഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഡോ: ആർ.വി. ആനന്ദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

കൊവിഡിൽ മുടങ്ങി കൗൺസലിംഗ്

കൊവിഡിനിടെ കഴിഞ്ഞ മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു പോകുന്നത്. എന്നാൽ കൊവിഡ് വ്യാപനം കാരണം വിദ്യാർത്ഥികളുടെ ഭയവും മാനസികപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള കൗൺസലിംഗ് നടത്താനായില്ല.

ഫോണിൽ സംസാരിക്കാം

തിങ്കൾ മുതൽ ശനി വരെ
വൈകിട്ട് 2 മണി മുതൽ 4 മണി വരെ.

ഫോൺ: 9744570055 , 9496492385

പരീക്ഷാപ്പേടി മാറ്റാനായി 'വിജയമന്ത്രം' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. അത്യാവശ്യമാണെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്‌കൂളുകളിൽ കൗൺസലിംഗ് നൽകാനും ശ്രമിക്കും

ഡോ. സലജകുമാരി

ജില്ലാ മെഡിക്കൽ ഓഫീസർ

ഭാരതീയചികിത്സാവകുപ്പ്

സ്‌കൂളുകളിൽ കൗൺസലിംഗ് തുടരാനുള്ള നിർദ്ദേശം ലഭിച്ചിട്ടില്ല. പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ ഉടനെ നിർദ്ദേശം വന്നേക്കാം

എൻ. ഗീത

ഡി.ഡി.ഇ