
തൃശൂർ: പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും കടലേറ്റവുമെല്ലാമുണ്ടാകുമ്പോൾ സേവനവുമായി രംഗത്തിറങ്ങുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് ദുരന്തനിവാരണ പ്രവർത്തനം പരിഗണിച്ച് പ്രതിഫലം നൽകുന്നതും പരിഗണനയിൽ. ഇതുസംബന്ധിച്ച ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കുന്നു. കേന്ദ്രഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ചെറിയ പ്രതിഫലം നൽകിത്തന്നെ ഇവരെ അഗ്നിശമന സേനയോടൊപ്പം നിലനിറുത്തിയേക്കും.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോഴാണ് സേവനം കൂടുതലായി പ്രയോജനപ്പെടുത്തി, പ്രതിഫലം നൽകാനാണ് ലക്ഷ്യമിടുന്നത്. അംഗങ്ങൾക്കായുള്ള യൂണിഫോം, തൊപ്പി, ബാഡ്ജ് തുടങ്ങിയവയും ഉടൻ ലഭ്യമാക്കും. 6,200 സിവിൽ ഡിഫൻസ് വളണ്ടിയർമാരെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുത്തതെങ്കിലും പതിനായിരത്തോളം പേർ ലിസ്റ്റിലുണ്ട്. കൂടുതൽ പേർ സേനയിൽ അംഗങ്ങളാകാനും തയ്യാറായിട്ടുണ്ട്. 2018 - 2019 കാലഘട്ടത്തിൽ കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളാണ് സിവിൽ ഡിഫൻസ് സേന രൂപീകരിക്കുന്നതിന് കാരണമായത്.
ഓൺലൈൻ അപേക്ഷയിലൂടെ തെരഞ്ഞെടുത്ത 6,200 പേർക്ക് പ്രാദേശികമായി സ്റ്റേഷൻ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകിയത്.
ഇവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കൊവിഡ് വ്യാപനം കാരണം മുഴുവൻ പേർക്കും പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുക്കാനായില്ല. ആദ്യമായാണ് ഇത്രയും വിപുലമായ പാസിംഗ് ഔട്ട് ഓൺലൈനായി നടക്കുന്നത്. വിയ്യൂരിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമി ഗ്രൗണ്ടിലായിരുന്നു തൃശൂരിലെ പാസിംഗ് ഔട്ട്.
പരിശീലനം നേടിയത്
പ്രഥമ ശുശ്രൂഷ
ദുരന്തനിവാരണം
അപകട പ്രതികരണം
അഗ്നിബാധാ നിവാരണം
തെരച്ചിൽ / രക്ഷാപ്രവർത്തനം
ജലരക്ഷ
സംസ്ഥാനത്ത്
124 ഫയർ സ്റ്റേഷനുകളുടെ കീഴിലായി 50 പേർ വീതം
മൊത്തം 6,200 സിവിൽ ഡിഫൻസ് വളണ്ടിയർമാർ
പരേഡിൽ പങ്കെടുത്തത് 2400 പേർ, സ്ത്രീകൾ : 450
തൃശൂരിൽ
പരിശീലനം കഴിഞ്ഞവർ: 225
പരേഡിൽ:180
ലക്ഷ്യം
ദുരന്തമുഖത്ത് ആദ്യ പ്രതികരണവുമായെത്തുന്ന തദ്ദേശവാസികൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുകയും അവരുടെ പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയും ചെയ്യുക.
കേരള ഫയർ ആൻഡ് റസ്ക്യൂ സർവ്വീസസിന് കീഴിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സേവനം ലഭ്യമാകുന്നതോടെ ദുരന്തനിവാരണം എളുപ്പത്തിലും വേഗത്തിലും നടപ്പാക്കാൻ കഴിയും. പ്രാദേശികമായ വിവരങ്ങൾ പെട്ടെന്ന് ശേഖരിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഉടനെ നടപ്പാക്കാനും സഹായകമാകും.
കെ.എം.അഷ്റഫ് അലി
ജില്ലാ ഫയർ ഓഫീസർ