
കൊടുങ്ങല്ലൂർ: കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന അഴീക്കോട് മുനയ്ക്കൽ മുസ്‌രിസ് ഡോൾഫിൻ ബീച്ച് സൂര്യാസ്തമയം കാണുന്നതിനുള്ള പ്രത്യേക സംവിധാനത്തോടെ അണിഞ്ഞൊരുങ്ങുന്നു. മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടിയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.
സംസ്ഥാനത്തെ കൂടുതൽ മണൽപ്പരപ്പുള്ള ബീച്ചാണിത്. കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ ബീച്ചായി മാറാനാണ് അഴീക്കോട് തയ്യാറെടുക്കുന്നത്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 19ന് വൈകിട്ട് അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുന്നതിന്റെ ഭാഗമായി 2019 ലാണ് ജില്ലാ വിനോദസഞ്ചാര പ്രമോഷൻ കൗൺസിൽ ബീച്ച് മുസ്‌രിസ് പൈതൃക പദ്ധതിക്ക് കൈമാറിയത്. ചൂളമരക്കാടുകളും, ചീനവലകളും, മിയോവാക്കി വനവും ഉൾപ്പെടെ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതിസൗഹൃദമായി സൗന്ദര്യവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ബീച്ചിന് കിഴക്ക് ഭാഗത്ത് ബോട്ടുജെട്ടി സ്ഥാപിച്ചതോടെ മുസ്‌രിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് ഒരു ജലപാത കൂടി യാഥാർത്ഥ്യമായി.
ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ പദ്ധതി വിശദീകരിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.
ഒരുങ്ങുന്ന സംവിധാനങ്ങൾ ഇവ
നടപ്പാതകൾ
സൈക്കിൾ പാത
വിശ്രമ സങ്കേതങ്ങൾ
കുട്ടികൾക്കുള്ള കളിസ്ഥലം
സൈൻ ബോർഡുകൾ
ഫുട്ബാൾ, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള പ്രത്യേക സൗകര്യം