മാള: സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിയിൽ കർഷകർക്ക് കഴിഞ്ഞ വർഷത്തെ ധനസഹായം ലഭിച്ചിട്ടില്ല. നവംബർ, ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്യേണ്ട ധനസഹായമാണ് ഇതുവരെ ലഭിക്കാത്തത്.
ഹെക്ടർ ഒന്നിന് 5,500 രൂപ വീതമാണ് കർഷകർക്ക് ലഭിക്കേണ്ടത്. പദ്ധതിക്ക് ആവശ്യമായ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ചില കർഷകർക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. കർഷകരുടെ പരാതികൾ കൃഷി ഭവൻ അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
സുസ്ഥിര നെൽക്കൃഷി പദ്ധതിയിൽ ഹെക്ടർ ഒന്നിന് 2,000 രൂപയും കേന്ദ്ര സർക്കാർ ആർ.കെ.വി.വൈ പദ്ധതിയിലെ 3,500 രൂപയും ചേർത്താണ് കർഷകർക്ക് 5,500 രൂപ നൽകുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് കർഷകർക്ക് ധനസഹായം നൽകുന്നത്. ജില്ലയിൽ 20,000 ഹെക്ടർ സ്ഥലത്താണ് കോൾനിലങ്ങളിൽ അടക്കം നെൽക്കൃഷി ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ജില്ലയിൽ 850 ഹെക്ടർ തരിശ് കിടന്നത് 350 ഹെക്ടറായി കുറച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
നെൽക്കർഷകരെ അപമാനിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കർഷകരോടുള്ള അവഗണന തുടർന്നാൽ കർഷകർ തെരുവിലിറങ്ങും.
വാക്സറിൻ പെരേപ്പാടൻ
നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ദേശീയ പ്രസിഡന്റ്