
കാഞ്ഞാണി: മണലൂർ പഞ്ചായത്ത് 12ാം വാർഡിൽ വടക്കേടത്ത് വീട്ടിൽ രാജേശ്വരിക്ക് കിടപ്പാടം ഒരുക്കാനുള്ള നടപടികൾ എങ്ങുമെത്താതെ നീളുന്നു. ചാഴൂരിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ വീടൊരുക്കുന്നതിന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയുടെ ഇടപെടലിലൂടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വീട് നിർമ്മാണം എങ്ങുമെത്തിയില്ല.
വീട് നിർമ്മിച്ച് ലഭിക്കുന്നതിന് രാജേശ്വരിയും മകൻ വൈശാഖും ഇപ്പോഴും അധികാരകേന്ദ്രങ്ങൾ കയറിയിറങ്ങുകയാണ്.
ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിൽ നിലനിറുത്തി വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സമ്മതപത്രം കളക്ടർ എസ്. ഷാനവാസ് അധികൃതർക്ക് കൈമാറിയിരുന്നു. ഗുരുവായൂരിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന ഇവർക്ക് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ കണ്ടശ്ശാംകടവിൽ സ്വകാര്യ വ്യക്തിയുടെ ഫ്ളാറ്റിൽ താത്കാലിക താമസസൗകര്യം ഒരുക്കിയിരുന്നു. വാഗ്ദാനങ്ങൾ നൽകി നാല് വർഷം കഴിഞ്ഞിട്ടും വാടക കുടിശിക നൽകാത്തതിനാൽ ഫ്ളാറ്റ് ഉടമ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മണലൂർ പഞ്ചായത്ത് അധികൃതരും കൈവിട്ടതോടെ എങ്ങോട്ട് പോകുമെന്നറിയാത്ത സ്ഥിതിയിലാണ് കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നിട്ടും വീട് ആര് നിർമ്മിച്ച് നൽകും എന്നതിന് വ്യക്തതയില്ല. ഈ ആവശ്യമുന്നയിച്ച് രാജേശ്വരിയും മകനും ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
വീട് നിർമ്മിച്ച് നൽകുന്നതിന് ഒരു ഇംപ്ളിമെന്റ് ഓഫീസറെ നിയമിച്ചതായി ഉത്തരവിൽ ഇല്ല. അതിനാൽ ആര് വീട് നിർമ്മിച്ച് നൽകുമെന്നതിന് വ്യക്തതയില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മൂന്നംഗ സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. സമിതിയോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
സി.കെ കൃഷ്ണകുമാർ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്തിക്കാട്