fastag

പുതുക്കാട് (തൃശൂർ)/കൊച്ചി: ടോൾ പ്ളാസകളിൽ ഫാസ് ടാഗ് സമ്പ്രദായം നിർബന്ധമാക്കിയതോടെ അതില്ലാതെ വന്ന വാഹനങ്ങളിൽ നിന്ന് ഇരട്ടിത്തുക ഈടാക്കാനുള്ള ശ്രമം വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു. വാഹനങ്ങൾ കുടുങ്ങി നീണ്ടനിരയായതോടെ പാലിയേക്കരയിലെ ടോൾ ബൂത്തുകൾ എ.ഐ.വൈ.എഫ് പ്രവർത്തകർ തുറന്നു വിട്ടു. ഇവിടെയുള്ള 14 ബൂത്തുകളിൽ 12 എണ്ണം ഫാസ് ടാഗിലാണ്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ഇവിടെ വാഹനക്കുരുക്ക് രൂക്ഷമായത്.

കൂടുതൽ വാഹനങ്ങൾ ടോൾ പ്ലാസ ഒഴിവാക്കി മറ്റ് വഴികളിലൂടെ പോകുന്നുണ്ട്. അതിനാൽ ദേശീയ പാതയിൽ നിന്നുള്ള ചെറിയ വഴികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.

എറണാകുളത്തും പ്രതിഷേധം അണപൊട്ടി. എറണാകുളം കുമ്പളം ടോൾ പ്ലാസയിൽ പി.ഡി.പിയുടെയും പൊന്നാരിമംഗലത്ത് സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുമ്പളത്ത് രാവിലെയും വൈകിട്ടും ഗതാഗതം തടസപ്പെട്ടു.കെ.എസ്.ആർ.ടി ബസും ഫാസ്ടാഗിൽ കുരുങ്ങി.

കുമ്പളം ടോൾ പ്ലാസയിൽ ഇന്നലെ രാവിലെയായിരുന്നു പി.ഡി.പി പ്രതിഷേധം. നിരവധി പ്രവർത്തകർ ടോൾ പ്ലാസയ്ക്ക് മുന്നിൽ കുത്തിയിരുന്നു. ഇവരെ പിന്നീട് പനങ്ങാട് പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഫാസ്ടാഗ് പാടേ ഉപേക്ഷിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. അതേസമയം, ഫാസ്ടാഗുള്ള വാഹനങ്ങൾ സുഗമായി കടന്നുപോകുന്നതായും ഗതാഗതക്കുരുക്ക് ഇല്ലെന്നും അധികൃതർ പറഞ്ഞു.