 
മാള: മാളക്കടവ് പൈതൃക സംരക്ഷണം കെ.എ തോമസ് മാസ്റ്റർ സ്മാരക മ്യൂസിയം എന്നിവയുടെ പ്രഖ്യാപനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. പദ്ധതികൾ നടപ്പിലാക്കുന്നതിന് മാളക്കടവിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ സ്ഥലത്ത് അനുമതി നൽകിക്കൊണ്ടുള്ള സമ്മതപത്രം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് മുസ‌്‌രിസ് മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദിന് കൈമാറി.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജിജു മാടപ്പിളളി, നബീസത്ത് ജലീൽ, ജയ ബിജു, ജോർജ് നെല്ലിശ്ശേരി, തോമസ് മാസ്റ്റർ ഫൗണ്ടേഷൻ സെക്രട്ടറി പി.കെ കിട്ടൻ, വൈസ് പ്രസിഡന്റ് സാബു പോൾ എടാട്ടുകാരൻ, സെക്രട്ടറി ടി.ജി മധുസൂദനൻ എന്നിവർ സംസാരിച്ചു.
മാളക്കടവിൽ ബോട്ട് ജെട്ടി നിർമ്മാണം, കടവ് സൗന്ദര്യവത്കരണം, വിസിറ്റേഴ്‌സ് സെന്റർ, മാള കോട്ടപ്പുറം ജലപാത പുനരുജ്ജീവനം എന്നിവയാണ് മാളക്കടവ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടവിനോട് ചേർന്ന് തോമസ് മാസ്റ്ററുടെ സ്മാരകമായി തിരുക്കൊച്ചിയുടെ രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുന്ന രാഷ്ട്രീയ ചരിത്ര മ്യൂസിയം സ്ഥാപിക്കാൻ 2019 ജനുവരി 19ന് ചേർന്ന മുസ്‌രിസ് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇവയുടെ നിർമ്മാണത്തിന് പഞ്ചായത്ത് വക സ്ഥലത്ത് അനുമതി നൽകിയതോടെ എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കുമെന്ന് മുസ‌്‌രിസ് എം.ഡി യോഗത്തിൽ പറഞ്ഞു.