 
കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ സ്മാരക യു.പി സ്‌കൂളിൽ സർക്കാർ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും.
ശ്രീനാരായണ ഗുരുവിന്റെ സ്മരണയിൽ 1928ൽ സ്ഥാപിതമായ വിദ്യാലയമാണ് എസ്.എൻ സ്മാരക യു.പി.സ്‌കൂൾ. 2017- 18 അദ്ധ്യയന വർഷത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളും സമ്പൂർണ ഹൈടെക്ക് ആക്കിയ എയ്ഡഡ് മേഖലയിലെ ആദ്യത്തെ സ്‌കൂൾ കൂടിയാണ് ഈ വിദ്യാലയം.
സർക്കാർ ചലഞ്ച് ഫണ്ട് പദ്ധതിയിലൂടെ 4,700 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ ഉൾപ്പെടുന്നു. കെട്ടിടം പണിയുന്നതിനായി 50 ശതമാനം സ്‌കൂളും 50 ശതമാനം സർക്കാരും സംയുക്തമായി സമാഹരിച്ച 64 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.